‘പാർട്ടിയിൽ ഐക്യം വേണം’; സുധാകരൻ – സതീശൻ തർക്കത്തിൽ വിമർശനവുമായി രമേശ് ചെന്നിത്തല

Kerala

പാർട്ടിയിൽ ഐക്യം വേണമെന്ന് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ ചെന്നിത്തല ആവശ്യപ്പെട്ടു. സുധാകരൻ സതീശൻ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമർശനം. ഓൺലൈനായിട്ട് ആണ് ചെന്നിത്തല പങ്കെടുത്തത്.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം കാരണം ക‍ഴിഞ്ഞ ദിവസം മാറ്റിവച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വീണ്ടും ചേർന്നപ്പോ‍ഴാണ് ചെന്നിത്തല കടുത്ത വിമർശനമുയർത്തിയത്.

നേരത്തെ, നേതാക്കൾക്കിടയിലെ തർക്കത്തിന്‍റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിലെ അടക്കം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ചേർന്ന കെപിസിസി യോഗം പ്രതിപക്ഷ നേതാവ് ബഹിഷ്കരിച്ചിരുന്നു. ഇതിനു പകരമായി യുഡിഎഫ് യോഗം കെ സുധാകരനും ബഹിഷ്‌കരിച്ചു. തുടർന്നാണ് രാഷ്ട്രീയകാര്യസമിതി യോഗവും മാറ്റിവെച്ചത്.

എന്നാൽ, നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ കാരണം പാർട്ടിയിലെയും മുന്നണിയിലെയും പ്രധാന കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല എന്ന വിമർശനം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. വിവാദ വിഷയങ്ങളില്‍ പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നത്. ഇതില്‍ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍റിന്‍റെ നിലപാട്.

‍വയനാട് ഡിസിസി ട്രഷററുടെ മരണം, പിവി അൻവർ, മുനമ്പം വിഷയം തുടങ്ങി നിരവധി പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന കോൺഗ്രസിന്‍റെ അവസ്ഥ കൂടുതൽ ദയനീയമാക്കുകയാണ് നേതാക്കന്മാർ തമ്മിലുള്ള ചേരിപ്പോര്.

Leave a Reply

Your email address will not be published. Required fields are marked *