കൊളറാഡോ: കൊളറാഡോ നാഷണല്‍ പാര്‍ക്ക് വെള്ളച്ചാട്ടത്തില്‍ വീണ് 25കാരന് ദാരുണാന്ത്യം. ജൂലൈ നാലിനാണ് സംഭവം. ദേശീയ ഉദ്യാനത്തിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് വീണാണ് റോഡ് ഐലന്‍ഡ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. റോക്കി മൗണ്ടന്‍ നാഷണല്‍ പാര്‍ക്കിലെ വെസ്റ്റ് ക്രീക്ക് വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ചയായിരുന്നു ദാരുണ സംഭവം.
ഞായറാഴ്ച വൈകുന്നേരം യുവാവിന്റെ മൃതദേഹം വീണ്ടെടുത്തു. പാര്‍ക്കിന്റെ കിഴക്ക് ഭാഗത്താണ് വെസ്റ്റ് ക്രീക്ക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെന്ന് നാഷണല്‍ പാര്‍ക്ക് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യുവാവിന്റെ മൃതദേഹം ലാറിമര്‍ കൗണ്ടി കൊറോണര്‍ ആന്റ് മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകും. യുവാവിന്റെ വീട്ടുകാരെ സംഭവം അറിയിച്ചതിന് ശേഷമായിരിക്കും ഇരയുടെ പേര് പുറത്തുവിടുക.
വര്‍ഷത്തിലെ ഈ സമയത്ത് നദികളും അരുവികളും വെള്ളച്ചാട്ടങ്ങളും വളരെ വേഗത്തിലാണ് ഒഴുകുന്നതെന്നും എല്ലാ ജലപാതകളും ആഴമേറിയതായിരിക്കുമെന്നും പാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പാര്‍ക്ക് സന്ദര്‍ശകര്‍ അരുവികളുടെയും നദികളുടെയും വെള്ളച്ചാട്ടങ്ങളുടെയും തീരത്ത് നിന്ന് അകന്നുനില്‍ക്കണം. ജലസ്രോതസ്സുകള്‍ക്ക് സമീപമുള്ള പാറകളും സസ്യങ്ങളും പലപ്പോഴും വഴുവഴുപ്പുള്ളവയാണ്. ഇത് അപകടകാരണമാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.