തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മകള്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേണ്‍ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും കൂട്ടിച്ചേർത്തു.
മാസപ്പടി എന്ന പേരിട്ടുള്ള ആരോപണങ്ങള്‍ അപവാദ പ്രചാരണത്തിന്റെ ആവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വേട്ടയാടലിന്റെ മറ്റൊരു മുഖമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാസപ്പടി വിവാദത്തില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. വിഷയത്തില്‍ എന്തിനാണ് ബന്ധുത്വം പറയുന്നതെന്നും ഇത് രണ്ട് കമ്പനികള്‍ തമ്മിലുള്ള കാര്യം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിലെ ഭരണകക്ഷി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ കേസുകളില്‍പ്പെടുത്തി വേട്ടയാടുന്നുവെന്ന നിങ്ങളുടെയും മറ്റു പ്രതിപക്ഷങ്ങളുടെയും ആരോപണത്തെ ഞങ്ങള്‍ ശക്തമായി പിന്തുണച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി ഉത്തരവിനെ ജുഡീഷ്യല്‍ ഓര്‍ഡറിന്റെ പാവനത്വം നല്‍കി ന്യായീകരിക്കാനല്ല, മറിച്ച് അദ്ദേഹത്തിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടാനാണ് ഞങ്ങള്‍ പരിശ്രമിച്ചത്. ദേശീയതലത്തില്‍ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷികളായ ബി ജെ പി സഖ്യകക്ഷികളാക്കുന്നു എന്ന് നിങ്ങള്‍ ആക്ഷേപിക്കുന്നുണ്ട്. ഞങ്ങളും ഈ അഭിപ്രായം ഉള്ളവരാണ്. പക്ഷെ വാളയാര്‍ ചുരത്തിനിപ്പുറം ബി ജെ പിയും യു ഡി എഫും തമ്മിലുള്ള സഖ്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍കൂടി കക്ഷികളാകുന്നുവെന്ന പരിഹാസ്യമായ വസ്തുത കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
സി എം ആര്‍ എല്‍ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റില്‍ ചെയ്യാന്‍ തയ്യാറാണെന്നും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സെറ്റില്‍മെന്റില്‍ എക്‌സാലോജിക്ക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റില്‍മെന്റിന് വിധേയമായിട്ടുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.