ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കർക്കിടകത്തിനു ശേഷം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കുകയാണ് കേരളം. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലത്തെ കൂടി ഓരോ ചിങ്ങ മാസവും ഓർമപ്പെടുത്തുന്നു.
പൊന്നിൻ ചിങ്ങം പിറന്നതോടു കൂടി പൊന്നോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മലയാളികൾ. അതേസമയം, കേരളത്തിന്റെ കാർഷിക സംസ്കാരം അന്യം നിന്നു പോകുന്നുവെന്ന വ്യാധി ചിലർക്കിടയിൽ എങ്കിലും നിലനിൽക്കുന്നുണ്ട്. കൊയ്ത്തും മെതിയും ഞാറ്റുപാട്ടുമെല്ലാം കേട്ടു കേൾവി മാത്രമുള്ള പുതു തലമുറകൾക്കിടയിൽ കർഷകരുടെയും കാർഷിക വൃത്തിയുടെയും പ്രാധാന്യം എന്തെന്ന് മനസിലാക്കി കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.