ട്രെയിൻ 13 മണിക്കൂർ വൈകി; യാത്രക്കാരന് 50,000 നഷ്ടപരിഹാരം നല്‍കണമെന്ന് റെയിൽവേയോടെ കോടതി

Kerala

ചെന്നൈ-ആലപ്പി എക്സ്പ്രസ് 13 മണിക്കൂര്‍ വൈകിയതുമൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷൻ. സേവനത്തില്‍ വീഴ്ച വരുത്തിയ ദക്ഷിണ റെയില്‍വേ 50,000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജറായ കാര്‍ത്തിക് മോഹൻ ചെന്നൈയില്‍ കമ്പനിയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനാണ് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍, എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാത്രമാണ് ട്രെയിൻ 13 മണിക്കൂര്‍ വൈകും എന്ന അറിയിപ്പ് ലഭിക്കുന്നത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പരാതിക്കാരന് ചെന്നൈയിലെ യോഗത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ല.

അതുപോലെ തന്നെ നിരവധി യാത്രക്കാരെയും നീറ്റ് പരീക്ഷ എഴുതാൻ തയാറായി വന്ന വിദ്യാര്‍ഥികളെയും ട്രെയിനിന്റെ മുന്നറിയിപ്പില്ലാത്ത വൈകല്‍ ദുരിതത്തിലാക്കിയിരുന്നു. റെയില്‍വേയുടെ നിരുത്തരവാദപരമായ നടപടി കാരണം സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് യാത്രക്കാരൻ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനെ സമീപിച്ചത്.

അതേസമയം യാത്രയുടെ ഉദ്ദേശ്യം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് കരുതല്‍ നടപടികള്‍ സ്വീകരിക്കാൻ കഴിയാതിരുന്നത് എന്നുള്ള വിചിത്ര വാദമാണ് റെയില്‍വേ ഉന്നയിച്ചത്. ഇത് പൂര്‍ണമായി തള്ളിയ കമീഷൻ, ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയില്‍വേ യാര്‍ഡിന്‍റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍മൂലമാണ് ട്രെയിൻ വൈകിയതെന്നും ഇക്കാര്യം അറിയാമായിരുന്നിട്ടും യാത്രക്കാര്‍ക്ക് മുൻകൂട്ടി വിവരങ്ങള്‍ നല്‍കുന്നതിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും അധികൃതര്‍ പരാജയപ്പെട്ടെന്നും കണ്ടെത്തി. ഒരു ന്യായീകരണവും ഇല്ലാതെ ട്രെയിൻ വൈകുന്നത് സേവനത്തിലെ ന്യൂനതയാണ്. ഉന്നത നിലവാരമുള്ള സേവനം റെയില്‍വേയുടെ ഔദാര്യമല്ല, യാത്രക്കാരന്റെ അവകാശമാണെന്നും കമീഷൻ ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *