കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന നടത്തിയ പ്രിൻസിപ്പലിനെതിരെ കേസ്. മഹാരാഷ്ട്രയിലെ മലേഗാവിലുള്ള മഹാരാജ സയജിറാവു ഗയ്ഖ്വാദ് ആർട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സുഭാഷ് നിഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിൻസിപ്പലിനെ സസ്പൻഡ് ചെയ്തു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും ബിജെപി മുൻ നിയമനിർമാണ സഭാംഗവുമായ ഡോ. അപൂർവ ഹിറായിയുടെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. പ്രതിരോധ മേഖലയിലെ സാധ്യതകളെ കുറിച്ചായിരുന്നു സെമിനാർ.
പൂനെയിലെ അനീസ് ഡിഫൻസ് കരിയർ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അനീസ് കുട്ടി ആയിരുന്നു മുഖ്യാതിഥി. സത്യ മാലിക് സേവാ ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടന നടത്തിയ കരിയർ ഗൈഡൻസ് സെമിനാറിലാണ് മുസ്ലിം പ്രാർത്ഥന നടത്തിയത്. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുൻപായി പ്രാർത്ഥന നടത്തുകയായിരുന്നു. ഇതോടെ പുറത്തുനിന്ന് ചിലരെത്തി പ്രതിഷേധിച്ചു. ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ, പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാർത്ഥനാ ഗീതമാണ് ഇതെന്ന് പ്രിൻസിപ്പൽ പറയുന്നു.