അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ എന്ന അമ്പിളിചേട്ടൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ എത്താനൊരുങ്ങുന്നു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ൽ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. നാളുകളായി മലയാള സിനിമയിൽ അദ്ദേഹത്തെ മിസ്സ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. മലയാളികൾ അത്രയധികം ഹൃദയത്തോട് ചേർത്ത് ഒരു മുഖമാണ് ജഗതി ശ്രീകുമാറിന്‍റേത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ 73-ാം പിറന്നാള്‍ ദിനത്തിൽ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ‘വല’ അണിയറപ്രവർത്തകര്‍.
വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നതെന്ന് പോസ്റ്റർ സമർത്ഥിക്കുന്നു. പ്രൊഫസർ അമ്പിളി അഥവാ അങ്കിള്‍ ലൂണാർ എന്നാണ് ചിത്രത്തിൽ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ശരിക്കും ലോകത്തെ തന്‍റെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞന്‍റെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമുള്ള വ്യത്യസ്തമായ അവതരണമാണ് പോസ്റ്ററിലേത്. നിമിഷ നേരം കൊണ്ട് കിടിലൻ പോസ്റ്റർ വൈറലായിരിക്കുകയാണ്.