ലക്ഷ്യത്തിലേക്ക് ഒരുപടി കൂടെ അടുത്ത് ചന്ദ്രയാന്‍ 3; ചിത്രങ്ങള്‍ പുറത്ത് വിട്ടു

National Technology

ദില്ലി: ചന്ദ്രയാൻ മൂന്നില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്‌ആര്‍ഒ. ലാൻഡറിലെ രണ്ട് വ്യത്യസ്ത ക്യാമറകള്‍ എടുത്ത ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. ജൂലൈ പതിനാലിന് വിക്ഷേപണ ശേഷം ലാൻഡര്‍ ഇമേജര്‍ ക്യാമറയാണ് ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ചന്ദ്രനില്‍ ഇറങ്ങാൻ സഹായിക്കാനായി രൂപകല്‍പ്പന ചെയ്ത ലാൻഡര്‍ ഹോറിസോണ്ടല്‍ വെലോസിറ്റി ക്യാമറയെടുത്ത ചന്ദ്രന്‍റെ ചിത്രമാണ് രണ്ടാമത്തേത്. ഓഗസ്റ്റ് ആറിനാണ് ഈ ചിത്രം പകര്‍ത്തിയത്. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഭ്രമണപഥ താഴ്ത്തല്‍ ഓഗസ്റ്റ് 14ന് പകല്‍ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ നടക്കും. ഓഗസ്റ്റ് 16ന് പേടകത്തെ ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചശേഷം പതിനേഴാം തീയതിയായിരിക്കും പ്രൊപ്പല്‍ഷൻ മൊഡ്യൂളും ലാൻഡറും തമ്മില്‍ വേര്‍പ്പെടുക. ഓഗസ്റ്റ് 23നായിരിക്കും സോഫ്റ്റ് ലാൻഡിംഗ്.ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും പ്രൊപ്പല്‍ഷൻ മൊഡ്യൂളും ലാൻഡറും തമ്മില്‍ വേര്‍പ്പെടുക. ആഗസ്റ്റ് 17നായിരിക്കും ഈ നി‌ര്‍ണായക ഘട്ടം നടക്കുക. പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ നേരത്തെയുള്ള ഭ്രമണപഥത്തില്‍ തുടരും. ലാൻഡ‌ര്‍ ചന്ദ്രനില്‍ നിന്ന് മുപ്പത് കിലോമീറ്റ‌ര്‍ അടുത്ത ദൂരവും, നൂറ് കിലോമീറ്റ‌ര്‍ അടുത്ത ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും. ഇവിടുന്നാണ് സോഫ്റ്റ് ലാൻഡിങ്ങിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുക. പേടകത്തിന്റെ കാലുകള്‍ ചന്ദ്രനില്‍ തൊടുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്. പേടകത്തില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഓഗസ്റ്റ് അഞ്ചിന് ചാന്ദ്രഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പേടകത്തിലെ ക്യാമറകള്‍ ചന്ദ്രനെ ആദ്യം ഒപ്പിയെടുത്തത്. മിഴിവേറിയ കാഴ്ചകള്‍ ഇനി വരാനിരിക്കുന്നതേ ഉള്ളൂ എന്ന സൂചനകളാണ് ആദ്യ ചിത്രങ്ങള്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *