സെർവിക്കൽ ക്യാൻസർ കരുതിയിരിക്കാം, തടയാം

Health Kerala

ഡോ ലേഖ കെ എൽ
സീനിയർ കൺസൾട്ടന്റ്
ഒബ്സ്റ്റെട്രിഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ്
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി

പലപ്പോഴും വലിയ ലക്ഷണങ്ങളൊന്നും ഇല്ലാതെ വന്ന് ഒടുവില്‍ ജീവനു തന്നെ ഭീഷണിയാകുന്ന രീതിയില്‍ വളര്‍ന്നേക്കാവുന്ന ഒരു രോഗമാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. സ്ത്രീകളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന, എന്നാല്‍ അതേ സമയം നേരത്തേ കണ്ടെത്തുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ പൂര്‍ണ്ണമായും ഭേദമാക്കുവാന്‍ സാധിക്കുകയും ചെയ്യുന്ന ഒരു രോഗമാണിത്. പലപ്പോഴും വളരെ ചെറിയ ലക്ഷണങ്ങളോടെയാകും രോഗം വരവറിയിക്കുക. അവയെ ഗൗരവത്തിലെടുക്കാതെ മുന്നോട്ട് പോയാല്‍ പിന്നീട് തിരിച്ചുവരാനാകാത്ത വിധം ഗുരുതരാവസ്ഥയിലാവാൻ  സാധ്യതയുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്തെന്നും, അതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും കൃത്യമായ ബോധവത്ക്കരണത്തിലൂടെ സമൂഹത്തില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളിലും സ്ത്രീകളിലും ഈ രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ആവശ്യമായ മുന്‍കരുതലും ചികിത്സയും ഉറപ്പാക്കുവാനും സാധിക്കും.

ഗർഭാശയത്തിൻറെ താഴത്തെ ഭാഗമായ സെർവിക്സിനെ ബാധിക്കുന്ന ഒരു രോഗമാണ് സെർവിക്കൽ ക്യാൻസർ. പ്രാരംഭഘട്ടത്തിലേ കണ്ടെത്താൻ സാധിച്ചാൽ ചികിത്സയും ഫലങ്ങളും ഗണ്യമായി മെച്ചപ്പെടുത്താം. ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കാകുലരാകുന്ന നിരവധി രോഗികളെ ഞാൻ കാണാറുണ്ട്.

സെർവിക്കൽ ക്യാൻസർ: തടയാവുന്ന രോഗമാണ്

ലൈംഗികമായി പകരുന്ന ഒരു സാധാരണ അണുബാധയായ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ്  സെർവിക്കൽ ക്യാൻസർ പ്രധാനമായും ഉണ്ടാകുന്നത്. മിക്ക HPV അണുബാധകളും സ്വയം പരിഹരിക്കപ്പെടുമ്പോൾ, ചിലത് അർബുദപരമായ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം, അത് ചികിത്സിച്ചില്ലെങ്കിൽ സെർവിക്കൽ ക്യാൻസറായി വികസിക്കും.

സെർവിക്കൽ ക്യാൻസർ തടയാൻ കഴിയുന്ന ഒരു രോഗാവസ്ഥയാണ്.

പ്രതിരോധമാർഗങ്ങൾ

എച്ച് പി വി വാക്സിനേഷൻ: സെർവിക്കൽ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന എച്ച് പി വി അണുബാധയെ തടയാനുള്ള ഫലപ്രദമായ മാർഗമാണ് എച്ച് പി വി വാക്സിനേഷൻ. ലൈംഗികമായി സജീവമാകുന്നതിന് മുമ്പ് ആൺകുട്ടികളും  പെൺകുട്ടികളും വാക്‌സിനേഷന് വിധേയരാവുന്നതാണ് ഏറ്റവും ഫലപ്രദം.
പതിവായുള്ള സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ്: അർബുദത്തിലേക്ക് നയിച്ചേക്കാവുന്ന കോശങ്ങളെ പ്രാരംഭഘട്ടത്തിലെ കണ്ടെത്തുന്നതിനായി പതിവായി പാപ്സ്മിയറുകളും എച്ച്പിവി പരിശോധനകളും അനിവാര്യമാണ്. ഈ പരിശോധനകളിലൂടെ കോശ വ്യതിയാനങ്ങൾ  കണ്ടെത്താനും ക്യാൻസറായി വികസിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിയാനും സഹായിക്കുന്നു. സമയബന്ധിതമായ ചികിത്സക്ക് ഇത് വഴിയൊരുക്കുന്നു.

സ്ക്രീനിംഗ് എപ്പോഴൊക്കെ ചെയ്യാം:

നിങ്ങളുടെ പ്രായത്തെയും അപകടസാധ്യത ഘടകങ്ങളെയും ആശ്രയിച്ചാണ് സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് ചെയ്യേണ്ടത്.

നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ:

21 മുതൽ 29 വയസ്സ് വരെ : ഓരോ 3 വർഷത്തിലും ഒരു പാപ്സ്മിയർ സ്ക്രീനിംഗ് ചെയ്യാം.

30 മുതൽ 65 വയസ്സ് വരെ : ഓരോ 5 വർഷത്തിലും ഒരു എച്ച് പി വി ടെസ്റ്റ്, അല്ലെങ്കിൽ ഓരോ 5 വർഷത്തിനിടയിലും ഒരു പാപ്സ്മിയർ ടെസ്റ്റ്  ചെയ്യാവുന്നതാണ്.

65 വയസും അതിൽ കൂടുതലുമുള്ളവർക്ക്  പതിവായി ടെസ്റ്റുകൾ നെഗറ്റീവ് ആവുകയും  ഉയർന്ന അപകടസാധ്യത ഇല്ലാതിരിക്കുകയും ചെയ്താൽ സ്ക്രീനിംഗ് നിർത്താം.

അപകട സാധ്യതകൾ:

എച്ച് പി വി ആണ് പ്രാഥമിക കാരണമെങ്കിലും, മറ്റു ഘടകങ്ങൾ സെർവിക്കൽ ക്യാൻസർ വികസിപ്പിക്കാനുള്ള കാരണങ്ങളെയേക്കാം.

നേരത്തെയുള്ള ലൈംഗിക പ്രവർത്തികൾ: ചെറുപ്പത്തിൽ തന്നെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്നത്  എച്ച് പി വി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഒന്നിലധികം ലൈംഗിക പങ്കാളികൾ: ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളത് എച്ച് പി വി അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ദുർബലമായ രോഗപ്രതിരോധശേഷി: ദുർബലമായ പ്രതിരോധശേഷി ഉള്ള ശരീരത്തിന് (ഉദാഹരണത്തിന് എച് ഐ വി രോഗികൾ) എച്ച് പി വി അണുബാധയെ ചെറുക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
പുകവലി: പുകവലിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ലക്ഷണങ്ങൾ:

സെർവിക്കൽ ക്യാൻസറിന്റെ പ്രാരംഭഘട്ടത്തിൽ, ലക്ഷണങ്ങൾ പ്രകടമാകുന്നത് വിരളമാണ്. രോഗം പുരോഗമിക്കുന്നതിനനുസരിച്ച്, ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

ആർത്തവചക്രത്തിനിടയിലോ, ലൈംഗിക ബന്ധത്തിന് ശേഷമോ അതുമല്ലെങ്കിൽ ആർത്തവവിരാമത്തിന് ശേഷമോ ഉണ്ടാകുന്ന അസാധാരണമായ യോനി രക്തസ്രാവം.
രക്തം കലർന്നതോ അല്ലാതെയോ ഉള്ള വെള്ളപോക്ക്.
അരക്കെട്ടു വേദന, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉള്ള വേദന അല്ലെങ്കിൽ രക്തസ്രാവം.

ചികിത്സ:

സെർവിക്കൽ ക്യാൻസറിനുള്ള ചികിത്സ രോഗത്തിൻറെ ഘട്ടത്തെയും രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു. ഇവയൊക്കെയാണ് സാധാരണ ചികിത്സാ രീതികൾ.

ശസ്ത്രക്രിയ: ക്യാൻസർ കോശങ്ങൾ നീക്കം ചെയ്യുന്നു. അല്ലെങ്കിൽ സെർവിക്സ്, ഗർഭപാത്രം, അടുത്തുള്ള ലിംഫ് നോഡുകൾ എന്നിവ നീക്കം ചെയ്യുന്നു.
റേഡിയേഷൻ തെറാപ്പി: കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉയർന്ന ഊർജ്ജ രശ്മികൾ ഉപയോഗിക്കുന്നു.
കീമോതെറാപ്പി: ശരീരത്തിലുടനീളമുള്ള ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ശക്തമായ മരുന്നുകൾ ഉപയോഗിക്കുന്നു.
ഇമ്മ്യൂണോതെറാപ്പി: ഈ പുതിയ ചികിത്സ, കാൻസർ കോശങ്ങളെ ചെറുക്കുന്നതിനായി ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

പ്രാരംഭത്തിലുള്ള കണ്ടെത്തലിൻ്റെ പ്രാധാന്യം

പ്രാരംഭഘട്ടത്തിലെ രോഗ നിർണയം സെർവിക്കൽ ക്യാൻസർ ചികിൽസിച്ചു ഭേദമാക്കുന്നതിൽ സുപ്രധാനമാണ്. പതിവ് പരിശോധനകളും വാക്സിനേഷനുകളും ഈ രോഗം വികസിപ്പിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും. സെർവിക്കൽ ക്യാൻസറിൻ്റെ ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുക.

ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ, നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ ഞാൻ ഓർമിപ്പിക്കുകയാണ്. വാക്‌സിനേഷൻ എടുക്കുക, റെഗുലർ സ്‌ക്രീനിംഗ് നടത്തുക, അപകടസാധ്യതകൾ  തിരിച്ചറിയുക, എന്നിവയിലൂടെ സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *