ന്യൂഡൽഹി: മാർക്ക് ആന്റണി സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനായി ലഭിക്കാൻ കൈക്കൂലി നൽകേണ്ടി വന്നുവെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. തന്റെ സിനിമ സെൻസർ ചെയ്യാൻ വേണ്ടി ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്നായിരുന്നു വിശാൽ ആരോപിച്ചത്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം ഉണ്ടായതെന്നും വിശാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചതെന്ന് അദ്ദേഹം പറയുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണമെന്നും ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിർമാതാക്കൾക്ക് കൂടിയാണെന്നും വിശാൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. വിശാൽ ഉയർത്തിയ കൈക്കൂലി ആരോപണം തീർത്തും ദൗർഭാഗ്യകരമെന്നാണ് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം എക്‌സിൽ കുറിച്ചത്. സമാന അനുഭവമുണ്ടായവർ വിവരങ്ങൾ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.