ചെന്നൈ: തൂത്തുക്കുടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചും ആക്രമിച്ചും സഹപാഠികളടങ്ങുന്ന സംഘം. ആഗസ്റ്റ് 17നായിരുന്നു പത്ത് പേരടങ്ങുന്ന സംഘം വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കലുഗുമലൈ ഗവണ്‍മെന്‍റ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഹരിപ്രസാദിനാണ് പരിക്കേറ്റത്.
അടുത്തിടെ സ്കൂളില്‍ ഹരിപ്രസാദിന്‍റെ സുഹൃത്തും മറ്റൊരു കുട്ടിയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇത് പരിഹരിക്കാൻ ഇടപെട്ട ഹരിയെ മറ്റ് വിദ്യാര്‍ഥികള്‍ പരാമര്‍ശങ്ങള്‍ നടത്തി ആക്രമിക്കുകയായിരുന്നു. തമിഴ്നാട്ടിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന പള്ളാര്‍ സമുദായക്കാരനാണ് ഹരിപ്രസാദ്. അന്നേ ദിവസം വൈകീട്ടോടെ പത്ത് പേരടങ്ങുന്ന സംഘം ഹരിപ്രസാദിനെ അന്വേഷിച്ച് ലക്ഷിപുരത്തെത്തുകയും അമ്ബലത്തില്‍ തനിച്ചിരിക്കുന്നത് കണ്ട വിദ്യാര്‍ഥിയെ യാതൊരു പ്രകോപനവുമില്ലാതെ സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. കൊല്ലുമെന്ന് സംഘം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ മാതാപിതാക്കളാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തില്‍ ആക്രമികള്‍ക്കെതിരെ കലുഗുമലൈ പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് പേരെ വിഷയത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഏതാനും കോളേജ് വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പന്ത്രണ്ടാം ക്ലാസുകാരനായ ദലിത് വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ജാതീയ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ചിന്നദുരൈ എന്ന വിദ്യാര്‍ഥിയെ ക്ലാസിലെ മറ്റ് കുട്ടികള്‍ ജാതി അധിക്ഷേപത്തിന് വിധേയനാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അധ്യാപിക താക്കീത് നല്‍കിയതിന് പിന്നാലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ചിന്നദുരൈയെ മര്‍ദിക്കുകയായിരുന്നു. ക്ലാസില് ദിവസങ്ങളോളം വരാതിരുന്നതോടെ അദ്യാപിക വീട്ടുകാരുമായി സംസാരിച്ചപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്.
അക്രമം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലെ ജാതി വിവേചനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്യാൻ വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തില്‍ ഏകാംഗ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്തരവിട്ടിരുന്നു. .