എറണാകുളം : വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും നേരിട്ട ഏഴ് മാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ പുറത്ത് എടുത്തത് എൽഇഡി ബൾബ്. പുറത്തെടുത്ത എൽഇഡി ബൾബിന് ഒന്നര സെന്‍റി മീറ്റർ വലിപ്പമാണ് ഉണ്ടായിരുന്നത്. ഏഴു മാസം പ്രായമായ കുട്ടിയ്ക്ക് ചുമയും ശ്വാസതടസവും മാറാതെ വന്നതോടെയാണ് മാതാപിതാക്കൾ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. മരുന്നുകൾ കഴിച്ചിട്ടും അസുഖം കുറയാതെ വന്നതോടെയാണ് കുട്ടിയുടെ എക്സ് റേ പരിശോധിച്ചത്.
എക്സ് റേ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ശ്വാസകോശത്തിൽ എന്തോ കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസകോശ പരിശോധനയിൽ ഇരുമ്പ് പോലെയുള്ള എന്തോ ഒരു വസ്തു തറച്ച് നില്‍ക്കുന്നതായി കണ്ടെത്തി. പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് എൽഇഡി ബൾബാണെന്നു മനസിലായത്.
ഇതാദ്യമായിട്ടാണ് ഏഴു മാസം പ്രായമായ കുട്ടി ചികിത്സ തേടിയെത്തുന്നതെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർ ടിങ്കു ജോസഫ് പറഞ്ഞു. കുട്ടികളുടെ ശ്വാസകോശത്തിൽ എല്‍ഇഡി ബള്‍ബ് പോലുള്ള വസ്തുക്കൾ കുടുങ്ങിയാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യത ഏറെയാണെന്നുംകുട്ടികളുടെ കൈയ്യിൽ ഇത്തരത്തിലുള്ള കളിപ്പാട്ടങ്ങൾ നൽകാതിരിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണമെന്നും ഡോക്ടർ പറഞ്ഞു.