ബെംഗളൂരു: ബംഗളൂരുവിൽ സ്ഫോടനം നടന്ന പ്രശസ്തമായ രാമേശ്വരം കഫേ വീണ്ടും തുറന്നു. സ്ഫോടനം നടന്ന് എട്ടാം ദിവസമാണ് കഫേ വീണ്ടും തുറക്കുന്നത്. കനത്ത സുരക്ഷയാണ് ഔട്ട്ലെറ്റിൽ ഒരുക്കിയിട്ടുള്ളത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്ഫോടനം നടന്നത്. 10 പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. സ്ഫോടനത്തെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിച്ച് ഇന്ന് രാവിലെയാണ് രാമേശ്വരം കഫേ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. സഹസ്ഥാപകൻ രാഘവേന്ദ്ര റാവുവും മറ്റ് ജീവനക്കാരും ദേശീയ ഗാനം ആലപിച്ച ശേഷം ജോലിയിൽ പ്രവേശിച്ചു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട് എന്നും സുരക്ഷാ ടീമിനെ ശക്തിപ്പെടുത്തും എന്നും സെക്യൂരിറ്റി ഗാർഡുകളെ പരിശീലിപ്പിക്കാൻ വിമുക്തഭടന്മാരുടെ ഒരു പാനൽ ഉണ്ടാകുമെന്നും സഹസ്ഥാപകൻ രാഘവേന്ദ്ര റാവു മാധ്യമങ്ങളോട് പറഞ്ഞു.
ബംഗളൂരുവിൽ സ്ഫോടനം നടന്ന രാമേശ്വരം കഫേ വീണ്ടും തുറന്നു; ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ
