തൃശൂര്‍ : ലക്കിടിയില്‍ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് റെയില്‍വേ ഗെയ്റ്റ് തകരാറിലായി ഒമ്ബത് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.ലക്കിടി-തിരുവില്വാമല പ്രധാന റൂട്ടിലാണ് ഗതാഗതം പൂര്‍ണമായി മുടങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ 1.15 നാണ് ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് ഗെയ്റ്റ് തകരാറിലായത്.
തിരുവില്വാമല ഭാഗത്തേക്ക് പോകുകയായിരുന്ന ഐസ് ക്രീം വില്‍പ്പന നടത്തുന്ന ഓട്ടോറിക്ഷയാണ് ലക്കിടി ഭാഗത്തെ ഗെയ്റ്റില്‍ ഇടിച്ചത്. ട്രെയിന്‍ പോകുന്നതിനായി ഗെയ്റ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് ഇടിക്കാന്‍ കാരണമെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഗെയ്റ്റ് വളഞ്ഞ് അലൈന്മെന്റ് തെറ്റി. ഇതോടെ ഈ വഴിയുള്ള ഗതാഗതം മുടങ്ങി.
ഇതോടെ ബസുകളടക്കം നിരവധി വാഹനങ്ങളുടെ സര്‍വീസ് മുടങ്ങി. രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിക്കും പോകുന്ന നിരവധി പേര് വലഞ്ഞു. പുലര്‍ച്ചയോടെ തന്നെ പാലക്കാടുനിന്നും എന്‍ജിനീയറിങ് വിഭാഗമെത്തി തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ നീണ്ടു. ഇതോടെ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രാവിലെ പത്ത് മണിയോടെയാണ് തകരാര്‍ പരിഹരിച്ചത്.