സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ

Breaking Kerala

കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്മനം താഴത്തങ്ങാടി ഭാഗത്ത് ഇടവഴിക്കൽ വീട്ടിൽ അമീൻ (30) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ട് സ്വകാര്യ ബസ് കണ്ടക്ടറായ കടനാട് സ്വദേശി അമൽ ജെയിംസിനെ മർദ്ദിക്കുകയായിരുന്നു.

ബസ് ഓടിക്കുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചത്. തുടർന്ന് ഇവർ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റൊരു പ്രതിയായ ഷിബിൻ ചാക്കോയെ കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് അമീൻ പോലീസിന്റെ പിടിയിലാവുന്നത്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഓ യു ശ്രീജിത്ത്, എസ്ഐ അനുരാജ് എം എച്ച്, അനിൽകുമാർ കെ, സിപിഓമാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ്, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *