ക്ഷയരോഗ നിർമാർജനം: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ “കരുതൽ 2023” പരിശോധനാ പരിപാടിക്ക് സമാപനം

Kerala Local News

പദ്ധതിയുടെ പൂർത്തീകരണപ്രഖ്യാപനം എറണാകുളം ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് ഐ.എ.എസ്, നടത്തി

കൊച്ചി: എറണാകുളം ജില്ലാ ടിബി സെന്ററും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ചേർന്ന് സംഘടിപ്പിച്ച “കരുതൽ 2023” പരിപാടി വിജയകരമായി പൂർത്തിയായി. ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ മുൻകൈയെടുത്ത് നടത്തിയ നിരവധി പദ്ധതികളിലൊന്നാണ് “കരുതൽ 2023 – IGRA ടെസ്റ്റിംഗ് ഉദ്യമം.” ക്ഷയരോഗികളുമായി അടുത്ത് ഇടപഴകേണ്ടിവരുന്ന അഞ്ച് മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളിലാണ് രക്തപരിശോധന നടത്തിയത്. ആവശ്യമുള്ളവർക്ക് ക്ഷയരോഗം പ്രതിരോധിക്കുന്നതിനുള്ള ചികിത്സയും പദ്ധതി കാലയളവിൽ നൽകി. ക്ഷയരോഗ സാധ്യത നിർണയിക്കുന്നതിനുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ സമഗ്ര പരിശോധനയായ “ആസ്റ്റർ IGRA ടെസ്റ്റിംഗ് പ്രോജക്ട്” ആണ് പദ്ധതിക്കായി കൂടുതൽ ബൃഹത്തായ രീതിയിൽ പ്രയോജനപ്പെടുത്തിയത്. ആസ്റ്റർ ഡി.എം ഫൗണ്ടേഷനാണ് ഈ പദ്ധതിക്ക് വേണ്ട മുഴുവൻ തുകയും ചിലവഴിച്ചത്.

ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതി, എറണാകുളം ജില്ലാ ഭരണകൂടം, ജെ.ഇ.ഇ.ടി പ്രോജക്ട്, ലോകാരോഗ്യ സംഘടന, “യൂണിയൻ” എന്നറിയപ്പെടുന്ന ക്ഷയരോഗത്തിനും ശ്വാസകോശരോഗങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൂടാതെ, സ്വകാര്യ ആശുപത്രികളിലെ ക്ഷയരോഗ ചികിത്സയ്ക്കായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ തുടങ്ങിവെച്ച “ആസ്റ്റർ സ്റ്റെപ്സ് സെന്ററുകളും” “ആസ്റ്റർ ഫാർമസി പദ്ധതിയും” കൂടുതൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള വിശാലമായ പദ്ധതിക്ക് വേണ്ടി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നൽകിയ അമൂല്യസംഭാവനകൾക്ക് ജില്ലാ കളക്ടർ എൻ. എസ്.കെ.ഉമേഷ് ഐ.എ.എസ് സമാപനവേദിയിൽ നന്ദി അറിയിച്ചു.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സാമൂഹ്യ പ്രതിബദ്ധതാ സംരംഭങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലയിൽ ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത്. ജില്ലയിലെ ആസ്റ്ററിന്റെ എല്ലാ റഫറൻസ് ലാബുകളും പദ്ധതിയുടെ ഭാഗമായി. ദേശീയതലത്തിലുള്ള ക്ഷയരോഗനിർമ്മാർജ്ജന മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു എല്ലാ കേന്ദ്രങ്ങളിലും പ്രതിരോധപ്രവർത്തനങ്ങളും ചികിത്സയും രൂപീകരിച്ചത്. വരുംദിവസങ്ങളിലും പദ്ധതിയുടെ തുടർച്ചയെന്നോണം, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റർ ഫാർമസികളിലൂടെ രോഗികൾക്ക് നിരന്തരം പ്രതിരോധമരുന്നുകളും ആവശ്യത്തിനുള്ള പിന്തുണയും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും. ആരോഗ്യവിദഗ്ധരും ഡോക്ടർമാരും കൂടിയുൾപ്പെടുന്നതാണ് ടിബിക്കെതിരായ ഈ പ്രതിരോധ ശൃംഖല.

ക്ഷയരോഗ നിർമ്മാർജ്ജനത്തിൽ പൊതു, സ്വകാര്യ മേഖലകളുടെ സഹകരണം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഫലപ്രദമായ പ്രതിരോധം സാധ്യമാകുമെന്ന് ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹ്മദ് പറഞ്ഞു.

എറണാകുളം ജില്ലാ കളക്ടർ എൻ. എസ്.കെ.ഉമേഷ് ഐ.എ.എസ്, ഡിടിഒ ഡോ. ആനന്ദ് എം, ആസ്റ്റർ ഇന്ത്യ മെഡിക്കൽ അഫയഴ്സ്‌ ചീഫ് ഡോ. അനുപ് ആർ വാര്യർ, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹ്മദ്, ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ജില്ലാ ഭാരവാഹി അനൂപ് ജോൺ, ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ എ.ജി.എം ലത്തീഫ്, ആസ്റ്റർ ലാബ്‌സിന്റെ കേരള, തമിഴ്നാട് പ്രാദേശിക മേധാവി നിതിൻ എന്നിവർ സമാപനവേദിയിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *