ആലപ്പുഴ: ആസ്പയർ എന്ന ആപ്പുവഴി ഒന്നര കോടി രൂപയുടെ ഓൺലൈൻ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് പേരെ ചെങ്ങന്നൂർ പോലീസ് പിടികൂടി. കരിലകുളങ്ങര സ്വദേശി അനന്തു, വെങ്ങോല സ്വദേശി ഇവാൻ, സഹോദരൻ ആബിദ് എന്നിവരാണ് പിടിയിലായത്. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുലിയൂർ സ്വദേശിനി സുനിതയുടെ പരാതിയിലാണ് നടപടി.ആസ്പയർ എന്ന ആപ്പ് വഴി രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് അപേക്ഷിച്ച സുനിതയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പും അക്കൗണ്ട് സ്റ്റേറ്റ്മെന്റും ആദ്യം വാങ്ങി.പിന്നീട് പ്രൊസസിങ് ഫീസായി 11552 രൂപ ഗൂഗിൾപേയിലൂടെ അടപ്പിച്ചു. പിന്നീട് മാനേജർ വിളിച്ച് 40,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ പിന്നീട് രേഖകൾ ശരിയല്ലെന്നും പറഞ്ഞ് അമ്പതിനായിരം കൂടി അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.ഇതുകഴിഞ്ഞ് യാതൊരു പ്രതികരണവും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ സുനിത പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ സംഘം മൂവാറ്റുപുഴയിലുണ്ടെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി പേരിൽ നിന്ന് ഇവർ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നിഗമനം.