ശ്രീനഗര്‍ :വീരമൃത്യു വരിച്ച അഗ്‌നിവീര്‍ സൈനികന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ ഒരു സൈനിക സംഘം പോലും എത്തിയില്ലെന്ന് പരാതി.ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ പൂഞ്ച് സെക്ടറില്‍ സേവനമനുഷ്ഠിച്ചിരുന്ന പഞ്ചാബിലെ മാന്‍സയില്‍ നിന്നുള്ള അമൃത്പാല്‍ സിംഗ് (21) ആണ് ഒക്ടോബര്‍ 10ന് മരിച്ചത്.
ഒരു സൈനിക ഹവില്‍ദാറും രണ്ട് ജവാന്‍മാരും ചേര്‍ന്നാണ് തന്റെ മകന്റെ മൃതദേഹം പഞ്ചാബിലേക്ക് എത്തിച്ചതെന്നും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ ഒരു സൈനിക സംഘം പോലും ഉണ്ടായിരുന്നില്ലെന്നും അമൃത്പാല്‍ സിംഗിന്റെ പിതാവ് ഗുര്‍ദീപ് സിംഗ് പറഞ്ഞതായി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് തന്റെ മകനുമായി സംസാരിച്ചിരുന്നുവെന്നും അവന്‍ രാജ്യത്തെ സേവിക്കുന്നതില്‍ സന്തോഷവാനായിരുന്നുവെന്നും പിതാവ് ഗുര്‍ദീപ് സിംഗ് പറയുന്നു. അമൃത്പാല്‍ സിംഗ് അടുത്തിടെയാണ് ജോലിയില്‍ പ്രവേശിച്ചത്. ട്രെയിനിംഗിന് ശേഷം കഴിഞ്ഞ മാസമായിരുന്നു അമൃത്പാല്‍ സിംഗ് ഡ്യൂടി ആരംഭിച്ചത്.
ജബല്‍പൂരിലെ ജമ്മു കശ്മീര്‍ റൈഫിള്‍സ് പരിശീലന കേന്ദ്രത്തില്‍ ട്രയിനിംഗ് പൂര്‍ത്തിയാക്കിയ ശേഷം സെപ്തംബര്‍ 20നാണ് അമൃത്പാല്‍ സിംഗ് പൂഞ്ചിലേക്ക് പോയത്. മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ 24 മുതല്‍ ലീവ് എടുത്തിട്ടുണ്ടെന്ന് അവന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നുവെന്നും മകന്റെ മൃതദേഹത്തില്‍ ചെവിക്ക് മുകളിലായി തലയില്‍ വെടിയേറ്റ പാടുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞതായി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.
പൊലീസ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണറോട് കൂടി അമൃതപാലിന്റെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ ഗ്രാമമായ കോട്‌ലി കലനില്‍ സംസ്‌കരിച്ചു. മകന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗുര്‍ദീപ് സിംഗ് പറഞ്ഞു. അഗ്‌നിവീര്‍ പദ്ധതിപ്രകാരം പഞ്ചാബില്‍ നിന്ന് റിക്രൂട് ചെയ്യപ്പെട്ട ഒരു സൈനികന്‍ വീരമൃത്യു വരിക്കുന്നത് ഇതാദ്യമായാണ്.