കൊച്ചി:മലയാള സിനിമ താര സംഘടനയായ അമ്മ ആദ്യമായി സംഘടിപ്പിക്കുന്ന ” അമ്മ കുടുംബ സംഗമം ” റിഹേഴ്സൽ ക്യാമ്പിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് തിരി തെളിഞ്ഞു. മലയാള സിനിമയിലെ മുതിർന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. ശ്രീനിവാസനും ഒപ്പം പുതിയ തലമുറയിലെ പ്രിയ താരമായ മമിതാ ബൈജുവും ചേർന്നാണ് ദീപം തെളിയിച്ചത്.
ജനുവരി 4-ന് ശനിയാഴ്ച്ച രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് 240 ഓളം അമ്മ അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്തു വരെ അരങ്ങേറുന്നത്. അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുകയാണ്. പ്രസ്തുത ഷോയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത് അമ്മയുടെ അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷ മരുന്നുകൾ സൗജന്യമായി നല്കുന്നതിന് വേണ്ടിയാണ്.
ചടങ്ങിൽ ആശംസ അറിയിച്ചു കൊണ്ട് ബാബുരാജ്, രവീന്ദ്രൻ, ആശാ ശരത്, ജയൻ ചേർത്തല, സുരേഷ് കൃഷ്ണ, വിനു മോഹൻ, നാദിർഷ (ഷോ ഡയറക്ടർ ), ഉണ്ണി ശിവപാൽ, ജോമോൾ, നാസർ ലത്തീഫ്, അനന്യ, അൻസിബ, കലാഭവൻ ഷാജോൺ, നിവിയ, മഹിമ നമ്പ്യാർ, മീഡിയ പാർട്ട്ണർ ഹൈദരാലി, അർജുൻ, മുന്ന എന്നിവർ പങ്കെടുത്തു.
ശ്രീ സുരേഷ് ഗോപി, ശ്രീ മമ്മൂട്ടി, ശ്രീ മോഹൻലാൽ എന്നിവർ ചേർന്ന് ജനുവരി 4-ന് രാവിലെ ഒമ്പത് മണിക്ക് തിരി തെളിക്കുന്നതോടെ
അമ്മ കുടുംബ സംഗമത്തിന് തുടക്കം കുറിക്കും.