കൊച്ചി: എറണാകുളം ആലുവയില്‍ ദുരഭിമാന കൊല. ഇതര മതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന് പതിനാലുകാരിയായ മകളെ ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.വിഷം ബലമായി വായില്‍ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്‌ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആന്തരികാവയങ്ങള്‍ തകരാറിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കരുമാലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ 29നു രാവിലെയാണു കേസിനാസ്പദമായ സംഭവം. കമ്ബിവടി കൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേല്‍പിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊല്ലാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രണയത്തില്‍ നിന്നു പിന്മാറാതെ വന്നതോടെയായിരുന്നു ക്രൂരപീഡനം.
കളനാശിനി ഉള്ളില്‍ച്ചെന്ന കുട്ടി ഛര്‍ദിച്ച് അവശ നിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നതിനാണ് പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും വായില്‍ വിഷം ഒഴിക്കുകയും ചെയ്തത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുൻപ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് ഒരു മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായി.
കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിനു പുറത്താക്കിയ ശേഷം പിതാവ് പെണ്‍കുട്ടിയെ മര്‍ദിച്ചു. ഇതിനുശേഷം പിതാവ് പുറത്തേക്കുപോയി. മാതാവ് അകത്തുകയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മര്‍ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരുന്ന മൊഴി. തുടര്‍ന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താൻ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പൊലീസിനോടു പറഞ്ഞത്.