ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: നവംബർ 14 ന് ശിക്ഷ വിധിക്കും

Breaking Kerala

കൊച്ചി: ആലുവയില്‍ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബര്‍ 14 ന് പ്രഖ്യാപിക്കും.പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളില്‍ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളില്‍ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകള്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉള്ളതിനാല്‍ 13 വകുപ്പുകളില്‍ ആണ് ശിക്ഷ വിധിക്കുക.

പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്ബാരത്തിലെ ദുര്‍ഗന്ധം പോലും ശ്വസിക്കാന്‍ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷന്‍ ആവര്‍ത്തിച്ചു.

മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. ഈ കുട്ടി ജനിച്ച വര്‍ഷം മറ്റൊരു കുട്ടിയെ ദില്ലിയില്‍ വച്ച്‌ പീഡിപ്പിച്ച പ്രതി വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസീക്യൂഷന്‍ വാദിച്ചു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി കോടതിയില്‍ ആവര്‍ത്തിച്ചു.

ഇന്ന് പ്രതിയുടെ മാനസിക നില പരിശോധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസില്‍ സ്വതന്ത്ര ഏജന്‍സി പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിയുടെ പ്രായം മനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 27 വയസാണ് അസ്ഫാക് ആലത്തിന്റെ പ്രായം.

Leave a Reply

Your email address will not be published. Required fields are marked *