മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ അറസ്റ്റില്‍

Kerala

കൊടുങ്ങല്ലുർ : മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച യൂട്യൂബറെ എക്സൈസ് അറസ്റ്റ് ചെയ്തു. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി വിഡിയോ പോസ്റ്റ്‌ ചെയ്ത ‘ഫുഡി ഷെഫ്’ എന്ന യൂട്യൂബ് ചാനല്‍ നടത്തിപ്പുകാരൻ അഴീക്കോട്‌ വാലത്തറ വീട്ടില്‍ നിധിനിനെ (22) ആണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ അക്കൗണ്ടില്‍നിന്ന് ഇത്തരം വിഡിയോകള്‍ നീക്കംചെയ്യിപ്പിച്ചു.

വേണ്ടത്ര നിയമപരിജ്ഞാനമില്ലാതെ പല യുവാക്കളും ഇത്തരം വിഡിയോകള്‍ ഓണ്‍ലൈൻ മീഡിയകളില്‍ പ്രസിദ്ധപ്പെടുത്തുന്നത് എക്‌സൈസ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് യൂട്യൂബർ കുടുങ്ങിയത്. നിരീക്ഷണം തുടരുമെന്നും ഇത്തരക്കാർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.

മദ്യപാനത്തിന് പ്രോത്സാഹനമാകുന്ന വിഡിയോകള്‍ ഓണ്‍ലൈൻ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നെന്ന് നിധിൻ എക്‌സൈസ് സംഘത്തോട് പറഞ്ഞു.

യുവാവിനെ ജാമ്യത്തില്‍ വിട്ടു. അസി. എക്‌സൈസ് ഇൻസ്പെക്ടർ എ.വി. മോയിഷ്, പ്രിവന്‍റിവ് ഓഫിസർമാരായ കെ.എസ്. മന്മഥൻ, കെ.എം. അനില്‍കുമാർ, അനീഷ് ഇ. പോള്‍, സിവില്‍ എക്‌സൈസ് ഓഫിസർമാരായ ടി. രാജേഷ്, എ.എസ്. രിഹാസ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *