കടുത്തുരുത്തി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 5500 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി മടങ്ങിയെത്തിയ അഖിൽ സുകുമാരന് ജന്മനാട് ആവേശോജ്ജ്വലമായ സ്വീകരണം നൽകി. വെമ്പള്ളി ജംഗ്ഷനിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് എംഎൽഎ മോൻസ് ജോസഫ് അടക്കമുള്ളവർ ചേർന്ന് അഖിൽ സുകുമാരനെ സ്വീകരിച്ചത്. വെമ്പള്ളി ഗവൺമെന്റ് യുപി സ്കൂളിൽ നൽകിയ സ്വീകരണയോഗം ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് സൈക്കിൾ റാലി നടത്തിയ അഖിലിന് ഉചിതമായ സ്വീകരണം ഔദ്യോഗികമായി നൽകുവാൻ നടപടി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. സ്വീകരണ യോഗത്തിൽ കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിൻസി സിറിയക് അധ്യക്ഷയായിരുന്നു. ജനപ്രതിനിധികളായ അജിത ജയ മോഹൻ, തമ്പി കാവുംപറമ്പിൽ, അംബികാ സുകുമാരൻ, സാം കുമാർ, ബെറ്റ്സിമോൾ, സംഘാടകസമിതി ഭാരവാഹികളായ രജിൻ രാജ്, കെ. ജി. ജിഷി ജിതേന്ദ്ര കുമാർ, ജിബിൻ വാഴപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. എംഎസ്ഡബ്ലിയു വിദ്യാർത്ഥിയായ അഖിൽ ബീഹാറിലെ സെൻട്രൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്ര ബീഹാർ ,യു.പി, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ചാണ് 75 ദിവസത്തിന് ശേഷം വെമ്പളിയിൽ അവസാനിപ്പിച്ചത്. ദിവസേന 100 കിലോമീറ്ററിലധികം യാത്ര ചെയ്തു. ചാക്കും ബെഡ്ഷീറ്റും കുടിവെള്ളവും മാത്രമായിരുന്നു കരുതൽ. തന്റെ സൈക്കിൾ യാത്രയ്ക്കിടെ നിരവധി പേർ നൽകിയ സഹായങ്ങൾ യാത്രയ്ക്ക് ഏറെ ഉപകാരപ്പെട്ടതായി അഖിൽ സുകുമാരൻ പറഞ്ഞു. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്നവരെ കുറിച്ചുള്ള മുൻവിധികൾ ഒഴിവാക്കുവാൻ യാത്ര സഹായിച്ചതായും, ജീവിതത്തിൽ യാത്രകൾ നൽകുന്ന അനുഭവങ്ങളും സന്തോഷവും വലുതാണെന്ന ഓർമ്മപ്പെടുത്തലും അഖിൽ സുകുമാരൻ പങ്കുവെച്ചു.
അഖിൽ സുകുമാരന് സ്വീകരണം നൽകി
