കോതമംഗലം :സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ.
തങ്ങളുടെ സഹപാഠിയായ അംജിത്തിന്റെ പിറന്നാൾ ദിനമായ തിങ്കളാഴ്ച കേക്ക് മുറിച്ചു മധുരം പങ്കിടുന്നതിനോടൊപ്പം ഇലക്ട്രോണിക്
വീൽചെയർ വാങ്ങി നൽകിയാണ് വിദ്യാർത്ഥികൾ സമൂഹത്തിനു വെളിച്ചം പകരുന്ന മാതൃക കാട്ടിയത് . വിനോദ യാത്രക്ക് പോകുവാൻ കരുതി വെച്ചിരുന്ന 60,000 ത്തോളം രൂപ മുടക്കിയാണ് പ്രിയ കൂട്ടുകാരന് ഇവർ വീൽ ചെയർ വാങ്ങി അവന്റെ പിറന്നാൾ ദിനം അവിസ്മരണീയമാക്കിയത്.അങ്ങനെ അജിത്തിന്റെ പിറന്നാൾ ദിനം പങ്കുവെക്കലിന്റെയും,പരസ്പര സ്നേഹത്തിന്റെയും മധുര ദിനമാക്കി മാതൃക കാട്ടുകയായിരുന്നു അവസാന വർഷ ബിരുദ ഇക്കണോമിക്സ് വിദ്യാർത്ഥിക്കൂട്ടം . കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി നെല്ലിതണ്ടിലെ നിർധന കുടുംബംഗാമായ പാട്ടേര്മാലിൽ അയ്യപ്പൻകുട്ടിയുടെയും, അംബികയുടെയും മകനായ അംജിത്ത് , പഠനത്തിൽ മിടുമിടുക്കനെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു . മാതാവ് അംബികയുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് കോളേജിൽ എത്തുന്ന അംജിത്തിനെ സഹപാഠികൾ കോളേജിലെ വീൽ ചെയറിൽ ഇരുത്തിയാണ് ക്ലാസ്സ് മുറിയിലേക്ക് കൊണ്ടുപോയികൊണ്ടിരുന്നത്. വിദ്യാർത്ഥികൾ വാങ്ങി നൽകിയ പുതിയ ഇലക്ട്രോണിക് വീൽ ചെയർ
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അംജിത്തിന് കൈമാറി. അവസാന വർഷ വിദ്യാർത്ഥികളുടെ വിനോദ യാത്രയെന്ന ആഗ്രഹ സഫലീകരണത്തിന് കോളേജിൽ നിന്ന് തുകയും അനുവദിച്ചുകൊണ്ട് പുതു വർഷത്തിൽ പ്രിൻസിപ്പലും മാതൃകയായി.ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. എൽദോസ് എ എം, അധ്യാപകരായ ഡോ. പുതുമ ജോയി, നീതു സലാം, ഡോ.മെറിൻ ജോയ്, നിനു തോമസ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ജോസ്‌മി ബിജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇക്കണോമിക്സ് വിദ്യാർത്ഥികളുടെ മാതൃകാപരമായ പ്രവർത്തനത്തെ പ്രിൻസിപ്പലും, അധ്യാപകരും അഭിനന്ദിച്ചു.