തിരുവനന്തപുരം : എ ഐ ക്യാമറ പിഴ ഈടാക്കി തുടങ്ങി, ഏഴാം ദിനമെത്തുമ്പോൾ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങൾ. എന്നാൽ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകൾ മാത്രമാണ്. നിയമലംഘനങ്ങൾ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയത്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്പോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്. ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കി ഇ ചാലാൻ അടക്കം തുടര്‍ നടപടികൾക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് 29,800 നിയമലംഘനങ്ങൾ മാത്രം. ഇതിൽ ഇ- ചെലാൻ അയച്ചത് 18,830 എണ്ണം.