ആഗ്ര: ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ 4 കോച്ചുകള്‍ക്ക് തീപിടിച്ച് അപകടം. പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് മധ്യപ്രദേശിലെ ശിവാനിയിലേക്ക് പോവുകയായിരുന്ന പടാല്കോട്ട് എക്സ്പ്രസിന്റെ (14624) നാല് കോച്ചുകളിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. ആഗ്ര ജില്ലയിലെ താന മല്പുരയിലെ ഭഡായി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
ആഗ്രയില്‍ നിന്ന് ഝാന്‍സിയിലേക്കുള്ള ട്രെയിന്‍ പോകുന്നതിനിടെയാണ് സംഭവം. തീവണ്ടിയുടെ കമ്പാര്ട്ടുമെന്റുകളിലുടനീളം തീ അതിവേഗം പടര്‍ന്നതോടെ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു.
തീ നിയന്ത്രണവിധേയമാക്കാന്‍ സ്ഥലത്തെത്തിയ റെയില്‍വേ അധികാരികളും ലോക്കല്‍ പോലീസും ചേര്‍ന്ന് അതിവേഗ നടപടി സ്വീകരിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ട്രെയിനിനും യാത്രക്കാര്‍ക്കും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടമുണ്ടായ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു, അഗ്നിശമനസേന തീ അണയ്ക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.