തൃശ്ശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചൊവ്വന്നൂർ പോസ്റ്റോഫീസിന് സമീപം ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വരവൂർ കക്കാട്കുന്ന് കോളനിയിൽ രവിയുടെ മകൻ ഷാഹുൽ (24) ആണ് മരിച്ചത്.
കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഷാഹുലിൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഹെൽമെറ്റ് പൊട്ടിചിതറിയ നിലയിലായിരുന്നു.യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുവാവിനെ ഇടിച്ച കാർ നിർത്താതെ മുന്നോട്ടെടുത്തെങ്കിലും പിന്നീട് 50 മീറ്റർ അകലെ റോഡരികിൽ നിർത്തിയിട്ട് യാത്രക്കാർ രക്ഷപ്പെട്ടു. മരിച്ച ഷാഹുൽ കുന്നംകുളം ഐസി ട്രാവൽസിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അമ്മ: ഉഷ. സഹോദരങ്ങൾ: രാഹുൽ, ഷിനിൽ, രഹ്‌ന.