മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേരാണ് മരിച്ചത്. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് മരിച്ചത്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച മറ്റൊരാൾ.