കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

Breaking Kerala

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ എംഎല്‍എ എ സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീന്‍ ഹാജരാവുക. തിങ്കളാഴ്ച ഹാജരാകാന്‍ നേരത്തെ ഇഡി എസി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് എസി മൊയ്തീന്‍ ഇഡിക്ക് മുമ്പില്‍ ഹാജരാകുന്നത്.

നേരത്തെ ഓഗസ്റ്റ് 31നും സെപ്തംബര്‍ 4നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാണിച്ച് എ സി മൊയ്തീന്‍ ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഇനിയും ഹാജരായില്ലെങ്കില്‍ എ സി മൊയ്തീന്‍ എംഎല്‍എക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ഇ ഡിക്ക് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മൊയ്തീന്‍ വിട്ടുനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് 11ന് ഹാജരാകണമെന്ന് ഇഡി മൂന്നാം നോട്ടീസ് നല്‍കിയത്. ചോദ്യംചെയ്യലിനു ഹാജരാവാന്‍ സാക്ഷികള്‍ക്ക് നല്‍കുന്ന നോട്ടീസാണ് മൊയ്തീനു നല്‍കിയിട്ടുള്ളത്. മൂന്നാം തവണയും വിട്ടുനിന്നാല്‍ പ്രതിയാകാന്‍ സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന നോട്ടീസ് അയയ്ക്കാനാണ് നിയമോപദേശം. എന്നിട്ടും ഹാജരായില്ലെങ്കില്‍ കോടതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനായിരുന്നു ഇഡിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *