കൽപറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പതിനാലുകാരനെ പിടികൂടി. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥി വയനാട് സൈബർ പൊലീസിന്റെ പിടിയിലായത്. സമൂഹ മാധ്യമങ്ങളിൽനിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമെടുത്ത പെൺകുട്ടികളുടെ ചിത്രങ്ങളാണ് വിദ്യാർത്ഥി മോർഫ് ചെയ്തത്. കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
നിരവധി വിദ്യാർഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്. മോർഫ് ചെയ്ത വ്യാജ ഫോട്ടോകൾ നിരവധി ഇൻസ്റ്റഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചത്.
ആയിരക്കണക്കിന് ഐപി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗിൾ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളിൽനിന്നു ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ ഉപയോഗിച്ചുമാണ് സൈബർ പൊലീസ് വിദ്യാർത്ഥിയെ വലയിലാക്കിയത്. എഎസ്ഐ ജോയ്സ് ജോൺ, എസ്.സി.പി.ഒ കെ.എ. സലാം, സി.പി.ഒമാരായ രഞ്ജിത്ത്, സി. വിനീഷ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.