നെടുങ്കണ്ടം: ഗൃഹനാഥനെ കിടപ്പുമുറിയിൽ മുഖത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. പ്ലാക്കൽ വീട്ടിൽ സണ്ണി (54) ആണു കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പുറത്തു നിന്ന് വെടിവച്ചു കൊന്നതാണെന്നാണ് പൊലീസ് കണ്ടെത്തൽ. നാടൻ തോക്കുപയോഗിച്ചാണ് വെടിയുതിർത്തത്. ഭിത്തിയിലും ജനലിലും വെടിയേറ്റ പാടുകളും കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി 11.35ന് ആണു സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നു വെടിയുടെ ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. സംഭവസമയത്തു മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന ഭാര്യ സിനി, ശബ്ദം കേട്ടു നോക്കിയപ്പോൾ കിടക്കയിൽ രക്തത്തിൽ കുളിച്ച നിലയിൽ സണ്ണിയെ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി വിവരം ശേഖരിച്ച ശേഷം ഇന്നലെ ഉച്ചയ്ക്കു മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. എന്നാൽ തോക്കോ വെടിയുണ്ടയോ സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടില്ല. മക്കൾ: സാനിയ, റോസ് മരിയ.