സിപിഓ ഉദ്യോഗാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണം: എൻ എ മുഹമ്മദ്‌ കുട്ടി; എൻ വൈ സി നേതൃസംഗമം നടത്തി

Uncategorized

കൊച്ചി: നിയമനം നിഷേധിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ സമരം തുടരുന്ന പൊലീസ് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്നും വിഷയം പരിഹരിക്കണമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടക്കുന്ന സമരങ്ങൾ കേരളീയ പൊതുസമൂഹത്തിന് തന്നെ നാണക്കേടാണ്. ആശാ സമരം ആണെങ്കിലും സിപിഓ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സമരം ആണെങ്കിലും അവിടെ തുടരുന്നതിന്റെ അടിസ്ഥാനം സർക്കാരിന്റെ പിടിപ്പുകേട് തന്നെയാണ്. നിയമന നിരോധനമാണ് സംസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ മികച്ച വിദ്യാഭ്യാസത്തോടെ പുറത്തിറങ്ങുന്നുണ്ടെങ്കിലും അവർക്ക് വേണ്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണ്. പി എസ് സി എന്നത് രാഷ്ട്രീയ നിയമനങ്ങൾ മാത്രം നടത്തുന്നതിനുള്ള, സർക്കാരിന് ബാധ്യതയായി തുടരുന്ന ഒരു വെള്ളാന മാത്രമാണ്. പൊലീസ് സേനയ്ക്ക് ഉള്ളിൽ മതിയായ അംഗസംഖ്യ ഇല്ലെന്നും നിലവിലുള്ള സേനാംഗങ്ങൾക്ക് സമ്മർദ്ദം കൂടുതലാണെന്നും പറയുമ്പോൾ തന്നെയാണ് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനങ്ങൾ നടത്താതിരിക്കുന്നത്. ഇത് ഒരേസമയം ഉദ്യോഗാർത്ഥികളോടും സേനയോടുമുള്ള വഞ്ചനയാണ്. സമരം സർക്കാർ ഒത്തുതീർത്തില്ലെങ്കിൽ എൻസിപിയും എൻവൈസിയും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ വൈ സി സംസ്ഥാന പ്രസിഡന്റ് സി കെ ഗഫൂർ അധ്യക്ഷത വഹിച്ചു. എൻ.വൈ.സി ദേശീയ നേതാക്കളായ പി.സി. സനൂപ്, ഷാജിർ ആലത്തിയൂർ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: സൈഫുദ്ദീൻ, അഡ്വ : ഷാജി തെങ്ങും പിള്ളിൽ ,കെ.കെ. ഷംസുദ്ദീൻ, കല്ലറ മോഹൻദാസ്, സെക്രട്ടറിമാരായ ബേബി വരിക്കമാക്കൻ, സിയാദ് പറമ്പിൽ, കെ.കെ. ജയപ്രകാശ്, ജയൻ അടൂർ, എൻ. വൈ.സി സംസ്ഥാന നേതാക്കളായ അഡ്വ. അഭിലാഷ് അയ്യപ്പൻ, ദേവ പ്രശാന്ത്, സിൽവി കോട്ടയം,മുഹമ്മദ് അബൂബക്കർ, സണ്ണി എറണാകുളം, ശ്യാം പറമ്പിൽ , സുബിത , ഷാനവാസ് അടിമാലി എ.കെ. സുൽത്താൻ വിജീഷ് വിജയൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *