വൈക്കം: സ്വാതന്ത്ര്യ സമരത്തിൻ്റെ സ്മരണകൾ ഉണർത്തുന്ന വൈക്കം സത്യാഗ്രഹം നടന്ന ചരിത്ര ഭൂമിയിലൂടെയാവണം ഫ്രാൻസിസ് ജോർജ്ജ് എം പി കേന്ദ്ര പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന പുതിയ ഹൈവേ എന്ന് കേരളാ കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മറ്റി എം പി യ്ക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഈ പുതിയ റോഡ് വൈക്കത്തിൻ്റെ മുഖഛായ മാറ്റുന്ന ഒന്നായിത്തീരുമെന്നും കമ്മറ്റി ചൂണ്ടിക്കാട്ടി.
ഫ്രാൻസിസ് ജോർജ്ജ് എം പി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് അനുവദിച്ച കോട്ടയം-കുമരകം -വെച്ചൂർ – തണ്ണീർമുക്കം – മുഹമ്മ വഴി നാഷണൽ ഹൈവേ എന്ന ഇടനാഴി വെച്ചൂരിൽ നിന്നും വൈക്കം സത്യാഗ്രഹ സമരഭൂമിയിലൂടെ നേരെ കടവ് തൈക്കാട്ടുശ്ശേരി വഴി തുറവൂർ എൻഎച്ച് 66 ൽ എത്തിയ്ക്കണ മെന്നും അതുവഴി വൈക്കത്ത് ഒരു വികസനക്കുതിപ്പുണ്ടാക്കാൻ സാധിക്കുന്നതാണെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.
കോട്ടയത്തുനിന്നും ആരംഭിക്കുന്ന റോഡ് കുമരകം, വെച്ചൂർ, വൈക്കം, ഉദയനാപുരം നേരെ കടവു , തൈക്കാട്ടുശ്ശേരി, വഴി തുറവൂരിൽ എത്തിച്ച് ഹൈവേയുമായി ബന്ധിപ്പിക്കണം എന്നാണ് കേരളാ കോൺഗ്രസ് എം പി യ്ക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന കോട്ടയം-കുമരകം – വെച്ചൂർ – ബണ്ടു റോഡ് – തണ്ണീർമുക്കം – മുഹമ്മ വഴി എൻ എച്ച് 66 ൽ എത്തുന്നതിന് ദൂരക്കൂടുതൽ ഉള്ളതിനാൽ വൈക്കം വഴി നിർദ്ദേശിച്ചിരിക്കുന്ന റോഡ് പരിഗണിച്ച് കേന്ദ്ര സംഘം പേരിശോധനയ്ക്ക് എത്തുമ്പോൾ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കാര്യം സാധിച്ചെടുക്കാവുന്നതുമാണ്.
കേരളാ കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് പോൾസൺ ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ജെയിംസ് കടവൻ, സിറിൾ ജോസഫ്, തങ്കമ്മ വർഗ്ഗീസ് ‘, പി.എൻ. ശിവൻകുട്ടി, വി.എം ഷാജി, പി.എ ഷാജി, ജോൺ വളവത്ത് , തോമസ് നാല്പതിച്ചിറ,ബിജു രാഘവൻ, ജോയി മണ്ണച്ചിറ,സിന്ധു സജീവൻ, ജോയി കൊച്ചാനാപ്പറമ്പിൽ, കെ.സി. തോമസ്, കെ.എസ് ബിജു മോൻ,ബിജു മൂഴിയിൽ, ശക്തിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
നിയോജക മണ്ഡലം കമ്മറ്റി ചൂണ്ടിക്കാണിച്ച നിർദ്ദേശങ്ങൾ കേന്ദ്ര സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും പൂർണ്ണമായും കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൻ്റെ വികസനക്കുതിപ്പിന് സാധ്യമാകുന്ന നല്ല നിർദ്ദേശമാണെന്നും അദ്ദേഹം കമ്മറ്റിക്ക് ഉറപ്പു നൽകി.