കൊച്ചി: ട്രോമ കെയർ സംവിധാനങ്ങൾ ശാക്തീകരിക്കുന്നതിന് ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിച്ച “ട്രോമാക്സ് സമ്മേളനം സമാപിച്ചു. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻസ് ഓഫ് ഇന്ത്യയുടെ കേരള ബ്രാഞ്ചും ആസ്റ്റർ മെഡ്സിറ്റിയിലെ ക്രാനിയോമാക്സിലോഫേഷ്യൽ സർജറി, എമർജൻസി മെഡിസിൻ വിഭാഗങ്ങൾ എന്നിവ സംയുക്തമായാണ് അഞ്ച് ദിവസം നീണ്ടുനിന്ന ഈ സമ്മേളനം സംഘടിപ്പിച്ചത്.
മുഖത്തും കഴുത്തിലും തലയോട്ടിയിലും ഉണ്ടാകുന്ന ആഘാതങ്ങളെയാണ് ക്രാനിയോമാക്സിലോഫേഷ്യൽ ട്രോമ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വളരെ സങ്കീർണമായ അടിയന്തര ചികിത്സ ആവശ്യമാണ്. എമർജൻസി മെഡിസിൻ, തീവ്രപരിചരണ സ്പെഷ്യലിസ്റ്റ്, അനസ്തേഷ്യോളജിസ്റ്റ് എന്നിവർക്കൊപ്പം ന്യൂറോസർജന്റെയും ക്രാനിയോമാക്സിലോഫേഷ്യൽ സർജന്റെയും സഹായം രോഗികൾക്ക് ലഭിക്കേണ്ടതുണ്ട്.
അപകടങ്ങളിലോ ആക്രമണങ്ങളിലോ ഇത്തരം ആഘാതങ്ങൾക്ക് ഇരയാകുന്ന രോഗികളെ എങ്ങനെ ഫലപ്രദമായി പരിചരിക്കാം എന്ന വിഷയത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ട്രോമാക്സ് 2025 സമ്മേളനം. വിർച്വൽ ശസ്ത്രക്രിയാ ആസൂത്രണം, വിവിധ പ്രായങ്ങളിലുള്ളവർക്ക് നൽകേണ്ടുന്ന സവിശേഷ ട്രോമ കെയർ എന്നിവയായിരുന്നു പ്രധാന ശ്രദ്ധകേന്ദ്രങ്ങൾ. കുട്ടികൾക്കും വയോധികർക്കും ഉണ്ടാകുന്ന ട്രോമകളെ എങ്ങനെ നേരിടാം എന്ന വിഷയവും സമ്മേളനത്തിൽ ചർച്ചയായി.
മാക്സിലോഫേഷ്യൽ ട്രോമ കേസുകൾ നേരിടുന്നതിൽ ത്രിമാന മോഡലുകൾ ഉപയോഗിച്ചുള്ള പ്രായോഗിക സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായിരുന്നു. ഈ അധുനാതന പരിശീലനങ്ങളിലൂടെ മെഡിക്കൽ രംഗത്തെ വിദഗ്ധർക്ക് അത്യാധുനിക ചികിത്സാ രീതികൾ മനസിലാക്കാനും പ്രായോഗികമായി പരിചയപ്പെടാനും അവസരം ലഭിച്ചു.
സമ്മേളനത്തിന്റെ സമാപന സെഷനിൽ, പ്രമുഖ ആരോഗ്യ വിദഗ്ധർ ട്രോമ കെയർ സംവിധാനം മെച്ചപ്പെടുത്താനുള്ള ഭാവി പദ്ധതികളെ കുറിച്ച് സംസാരിച്ചു. അപകടങ്ങളെയും അത്യാഹിത സാഹചര്യങ്ങളെയും തിടുക്കത്തിൽ കൈകാര്യം ചെയ്യാനുള്ള വൈദ്യശാസ്ത്ര രംഗത്തുള്ള പുതുമകൾ ഉയർത്തിയ ഈ സമ്മേളനം മെഡിക്കൽ മേഖലയിൽ പുതിയ അധ്യായം തുറന്നുവെന്ന് അധികൃതർ അറിയിച്ചു.