ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ചിത്രം ബറോസ് ഡിസംബറിൽ തിയറ്ററുകളിലെത്തുമെന്ന് മോഹൻലാൽ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മോഹൻലാൽ പറഞ്ഞു.
ബറോസിന്റെ റീ-റെക്കോർഡിംഗ് നടക്കുന്നു. ചിത്രത്തിന്റെ അവസാന മിക്‌സിംഗും സ്‌പെഷ്യൽ ഇഫക്‌റ്റുകളും പുരോഗമിക്കുകയാണ്. മറ്റെല്ലാം പൂർത്തിയാക്കിയെന്നും മോഹൻലാൽ പറഞ്ഞു.സംവിധായകനായുള്ള മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. വാസ്‌കോഡഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ബറോസ് : ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍ എന്ന നിഗൂഡ രചനയാണ് സിനിമയ്ക്ക് ആധാരം. ഇതൊരു മലബാര്‍ തീരദേശ മിത്താണെന്നും മോഹൻലാൽ പറയുന്നു.
ആശിര്‍വാദ് സിനിമാസാണ് ബറോസ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയത്.
ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ മാര്‍ക്ക് കിലിയനാണ്. മുമ്പ് മാര്‍ക്ക് കിലിയനും സംവിധായകന്‍ രാജീവ് കുമാറിനുമൊപ്പമുള്ള ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.