കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്ത മധ്യവയസ്ക ചികിത്സ പിഴവിനെ തുടർന്ന് മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് മരിച്ചത്. ശസ്ത്രക്രിയക്കിടയിൽ വിലാസിനിയുടെ കുടലിന് മുറിവേറ്റിരുന്നു. പിന്നാലെ ഇന്ന് പുലർച്ചയോടെയായിരുന്നു മരണം. സംഭവത്തിൽ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു. ഗൈനക്കോളജി വിഭാഗം മേധാവിയോടാണ് റിപ്പോർട്ട് തേടിയത്.
രണ്ട് മാസത്തോളമായി വിലാസിനി ഇവിടെ ചികിത്സയ്ക്ക് വരുന്നുണ്ട്. ഏഴാം തീയതിയായിരുന്നു സർജറി. സർജറികിടയിൽ കുടലിന് ഡാമേജ് പറ്റിയെന്ന് ഡോക്ടർ അറിയിച്ചിരുന്നു. എന്നാൽ അതിൽ സ്റ്റിച്ചിട്ടെന്നായിരുന്നു പറഞ്ഞത്. ശനിയാഴ്ച വാർഡിലേക്ക് മാറ്റുന്നത് വരെ പ്രശ്നമുണ്ടായിരുന്നില്ല. അമ്മയോട് ഭക്ഷണം കഴിച്ചുകൊള്ളാൻ പറഞ്ഞിരുന്നു, എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷം അമ്മയ്ക്ക് അസഹ്യമായ വയറുവേദന വന്നു. വയറുവേദന കാരണം അമ്മയെ ഐസിയുവിൽ കയറ്റി. എന്താണ് കാരണമെന്ന് പറയുന്നുണ്ടായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച ഇൻഫെക്ഷൻ ഉണ്ടെന്ന് പറഞ്ഞു എമർജെൻസി സർജറി വേണമെന്ന് പറഞ്ഞു നടത്തി. സർജറി കഴിഞ്ഞ് അമ്മ അബോധാവസ്ഥയിലായിരുന്നു. കുടലിൻ്റെ ഭാഗം കട്ട് ചെയ്തുവെന്നാണ് ഡോക്ടർ പറഞ്ഞത്. വേറെ ആശുപത്രിയിൽ കൊണ്ടുപോകാൻ നേരമാണ് അവസ്ഥ ക്രിറ്റികലാണ് രക്ഷപ്പെടാൻ സാധ്യതയില്ലായെന്ന് പറയുന്നത്. പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും കുടുംബം.