തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
പ്രതിഷ്ഠാദിനം കഴിഞ്ഞാൽ ബാലുവിനെ കഴക പ്രവർത്തി സ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഇതിന് മുന്നേ തന്ത്രി-വാരിയർ വിഭാഗങ്ങളുമായി ദേവസ്വം ബോർഡ് ചർച്ച നടത്തും.ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങൾ മുടക്കംകൂടാതെ എങ്ങനെ നടത്താം എന്നാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. വാര്യർ സമാജവും, തന്ത്രി വിഭാഗവും കോടതിയെ സമീപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ക്രമങ്ങൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴകം പ്രവര്‍ത്തിക്ക് നിയമിതനായ ഈഴവ സമുദായത്തില്‍പ്പെട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വി എ ബാലുവിനെ തന്ത്രിമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തി എന്നായിരുന്നു ഉയർന്നുവന്ന ആരോപണം. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് മാറ്റിയത് എന്നാണ് ദേവസ്വം ബോര്‍ഡ് നൽകിയ വിശദീകരണം.കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക പ്രവൃത്തിക്കാരനായി ബാലു ചുമതലയേറ്റത് . ബാലു ഈഴവ സമുദായ അംഗമായതിനാൽ കഴകപ്രവർത്തിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് തന്ത്രിമാരും വാര്യർ സമാജവും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് അന്ന് മുതൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.