മലയാളിയുടെ പ്രിയപ്പെട്ട കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേയ്ക്ക് ഒമ്പതു വർഷം. താരപരിവേഷമില്ലാതെ, ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും സാധാരണക്കാരനായി മണി ജീവിച്ചു. മലയാള സിനിമയിലെ ഓൾ റൗണ്ടർ.
ഗൗരവുളള സ്വഭാവ വേഷങ്ങളിലൂടെയും, വ്യത്യസ്തത നിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനായി. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി ഒപ്പം മിമിക്രിയും.സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി. വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. സിനിമയിൽ തിരക്കേറിയപ്പോഴും നാടും നാട്ടാരും നാടൻപാട്ടുമായിരുന്നു മണിയുടെ ജീവൻ. ഏതുതിരക്കിലും മണ്ണിന്റെ മണമുള്ള പാട്ടുകളുമായി മണിയെത്തി. ചിലപ്പോൾ ചിരിച്ചും മറ്റുചിലപ്പോൾ കരയിച്ചും മലയാളിയുടെ ഓർമകളിൽ എപ്പോഴുമുണ്ട് കലാഭവൻ മണി.