മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘ഈ രാത്രി നമ്മളിൽ ഉന്മാദം നിറയും’ എന്ന വരികളോടെയാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി, ഗോകുൽ സുരേഷ് എന്നിവർ ചേർന്ന് ആടിപാടുന്ന ദൃശ്യങ്ങളാണ് ഈ ഗാനത്തിലുള്ളത്. മമ്മൂട്ടിയുടെ രസകരമായ നൃത്ത ചുവടുകളും ഗാനത്തിൻ്റെ ഹൈലൈറ്റ് ആണ്. വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവർ ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ, തിരുമാലി, സംഗീതം പകർന്നിരിക്കുന്നത് ഡാർബുക ശിവ. ജനുവരി 23 നു ആഗോള റിലീസായി എത്തിയ ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ആറാമത്തെ ചിത്രമാണ്.
ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ എല്ലാത്തരം പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രശംസയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ്.
മമ്മൂട്ടിക്കൊപ്പം യുവതാരം ഗോകുൽ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തിൽ, ഇവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.