യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ
കുറിച്ചുള്ള ചർച്ച സിപിഎമ്മിന്റെയും
മാധ്യമങ്ങളുടെയും അജണ്ടയാണെന്ന്
കോൺഗ്രസ്. ഈ ചർച്ചകളെ പൂർണമായും
തള്ളുന്നുവെന്നും കോൺഗ്രസ് മുഖ്യമന്ത്രി
സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്
ഹൈക്കമാൻഡാണെന്നും ഇന്ന് ചേർന്ന
രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം
പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ
രാഷ്ട്രീയ സാഹചര്യം ഉള്ളതായി യോഗം
വിലയിരുത്തി.
വിലക്കയറ്റം,വൈദ്യുതി നിരക്ക്
വർധനവ്, റേഷൻ വിതരണ സ്തംഭനം
തുടങ്ങിയ ജനകീയ വിഷയങ്ങളും സർക്കാർ
ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളും ഉയർത്തി
പ്രക്ഷോഭം നടത്തും. വയനാട് പുനരധിവാസ
പ്രവർത്തനങ്ങളിൽ സർക്കാരിന്റെ
പ്രവർത്തനം ദുരൂഹമാണ്. ജനതയുടെ
ദുരവസ്ഥതയെ സർക്കാർ രാഷ്ട്രീയ
നേട്ടത്തിന് ഉപയോഗിക്കുന്നു. ടൗൺഷിപ്പ്
പദ്ധതി രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം
നടക്കുന്നു. കോൺഗ്രസും ഘടകകക്ഷികളും
വയനാട്ടിലെ ദുരിതബാധിർക്ക് പ്രഖ്യാപിച്ച
വീടുകളുടെ നിർമ്മാണ പ്രവർത്തനവുമായി
മുന്നോട്ട് പോകുമെന്നും അറിയിച്ചിട്ടുണ്ട്.
സമൂഹ മാധ്യമത്തിലെ പ്രവർത്തനത്തിന്
മാനദണ്ഡം നിശ്ചയിക്കും.
സമൂഹമാധ്യമങ്ങളിലൂടെ നേതൃത്വത്തിൽ
വിഭാഗീയതയും ഭിന്നതയും ഉണ്ടാക്കാൻ
ശ്രമിക്കുന്ന പാർട്ടി പ്രവർത്തകർക്കെതിരെ
കർശന നടപടി സ്വീകരിക്കും. സെറ്റോയുടെ
നേതൃത്വത്തിൽ ജനുവരി 22 ന് നടക്കുന്ന
ജീവനക്കാരുടെ പണിമുടക്കിന് പൂർണ
പിന്തുണ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ്
കെ സുധാകരൻ എം പി അധ്യക്ഷത വഹിച്ചു.
എഐസിസി സംഘടന ജനറൽ സെക്രട്ടറി
കെ.സി.വേണുഗോപാൽ, ജനറൽ
സെക്രട്ടറി
ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി
സതീശൻ, പ്രവർത്തക സമിതി അംഗം
കൊടിക്കുന്നിൽ സുരേഷ്, എഐസിസി
സെക്രട്ടറിമാരായ പിവി മോഹൻ, വി
അറിവഴകൻ, മൻസൂർ അലി ഖാൻ
തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ്
പ്രവർത്തക സമിതിയംഗങ്ങളായ രമേശ്
ചെന്നിത്തല, ശശി തരൂർ എന്നിവർ
ഓൺലൈനായി പങ്കെടുത്തു.