പത്തനംതിട്ട ഓമല്ലൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ ആര്യ ഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ശരൺ, ഏബല്‍ എന്നീവരാണ് മരിച്ചത്. ട്യൂഷൻ സെന്റർ സംഘടിപ്പിച്ച കായിക പരിപാടിക്ക് ശേഷം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം.5 വിദ്യാർത്ഥികളാണ് ആറ്റിൽ ഇറങ്ങിയത്. ഇതിൽ ശരണും ഏബലും ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ മറ്റ് വിദ്യാർത്ഥികൾ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് സ്ക്യൂബ ടീമെത്തി വിദ്യാർത്ഥികളെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരൺ ഇലവുന്തിട്ട സ്വദേശിയും ഏബല്‍ ചീക്കനാൽ സ്വദേശിയുമാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.