കുമരകം : കായൽത്തീര പ്രദേശങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ വേലിയിറക്ക സമയത്ത് തുറക്കും. മൂന്നാം ഘട്ട ബണ്ടിലെ 28 ഷട്ടറുകളാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തുറക്കുന്നത്. വൈകീട്ട് അഞ്ചിന് തുറക്കുന്ന ഷട്ടറുകൾ പുലർച്ചെ ഒരു മണിക്ക് അടയ്ക്കുവാനും നിർദ്ദേശം ലഭിച്ചതായി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
എക്കൽ അടിഞ്ഞു കൂടി ജലം സംഭരിക്കാൻ സാധിക്കാത്ത ( കായലിന്റെ ജലസംഭരണ ശേഷി കുറയുന്ന അവസ്ഥ) നിലയിലാണ് വേമ്പനാട് കായലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. കട്ടകുത്ത് (എക്കൽ വാരി എടുക്കൽ) തൊഴിൽ പുനരാംരംഭിക്കാൻ അനുമതി നൽകിയും ആഴം വളരെയധികം കുറവുള്ള പ്രദേശങ്ങളിൽ ഡ്രജ്ജിംഗ് ( യന്ത്രത്താലുള്ള എക്കൽ നീക്കം ചെയ്യൽ) നടത്തുകയും ചെയ്താൽ കായൽത്തീര പ്രദേശങ്ങളെ വെള്ളക്കെട്ടിൽ നിന്നും രക്ഷിക്കാമെന്നും മത്സ്യബന്ധന – കായൽടൂറിസം മേഖലയിലെ തൊഴിലാളികൾ പറയുന്നു.
യഥാക്രമം രണ്ട് , ഒന്ന് ഘട്ട ബണ്ടുകളിൽ 31 വീതം 62 ഷട്ടറുകളും മൂന്ന് ലോക്ക് ഗേറ്റുകളും മൂന്നാംഘട്ട ബണ്ടിൽ 28 ഷട്ടറുകളും ഒരു ലോക്ക് ഗേറ്റും എന്ന പ്രകാരം 90 ഷട്ടറുകളും നാല് ലോക്ക് ഗേറ്റുകളുമാണ് തണ്ണീർമുക്കം ഷട്ടറിനുള്ളത്.