താനൂരിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ താമിര്‍ ജിഫ്രി എന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശൂർ ഡിഐജി അജിതാ ബീഗമാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലാണ് നടപടി. കസ്റ്റഡി മർദ്ദനം നടന്നതായാണ് ഇന്റലിജിൻസ് റിപ്പോർട്ട്. താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരിക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
താമിര്‍ ജിഫ്രി ഉള്‍പ്പടെ ലഹരിയുമായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം 3:30 നാണ്. ഇവരെ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത് രാത്രി 1:45നാണ്. അതുവരെ പൊലീസ് ക്വട്ടേഴ്സില്‍ പാര്‍പ്പിച്ചു മര്‍ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.