എം സി റോഡിൽ കോട്ടയം നാട്ടകം കോളേജ് ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസിനു പിന്നിൽ ലോറിയും ലോറിയ്ക്ക് പിന്നിൽ കാറും ഇടിച്ചാണ് അപകടം. സ്വകാര്യ ബസിലെ യാത്രക്കാരിക്ക് നിസാര പരിക്കേറ്റു. ബസിൻ്റെ പിൻഭാഗത്തെ ചില്ല് പൊട്ടി.
അപകടത്തിൽ മലപ്പുറം സ്വദേശിയുടെ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. മഹാരാഷ്ട്ര രജിസ്ട്രഷനിലുള്ള ലോറിയ്ക്കും സാരമായ കേടുപാട് പറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ചിങ്ങവനം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
അതേസമയം കൊച്ചിയിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ശുചീകരണ തൊഴിലാളിക്ക് പരുക്കേറ്റ സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് സ്വദേശിനി നിഷയ്ക്കാണ് ഈ മാസം ഏഴാം തീയതി അപകടത്തിൽ പരിക്കേറ്റത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അമിത വേഗതയിൽ പിന്നിലൂടെ വന്ന കാർ നിഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാൽ ഒടിയുകയും നടുവിന് പരിക്കേൽക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ വാഹനത്തിൻ്റെ ഡ്രൈവർ അശുപത്രിയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞ ശേഷം കടന്നു കളഞ്ഞതായും മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്നും നിഷ പറയുന്നു.