ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. തീർഥാടനവുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കുന്ന ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനാണ് ഈ പ്ലാന്റുകൾ ഉപയോഗിക്കുക. ഇതിന് പുറമേ രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ കൂടി ഡിസംബർ 15ന് ശബരിമലയിൽ എത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലാകും ഈ നാല് എം ടി യു കളും വിന്യസിക്കുക. വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ എം ടി യു കൾ അമൃത് പദ്ധതിയിലുൾപ്പെടുത്തിയാണ് ശബരിമലയിൽ എത്തിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്നതുവരെ എം ടി യുകൾ ശബരിമലയിൽ തുടരും.
വ്യത്യസ്ത കേന്ദ്രങ്ങളിലെത്തി മാലിന്യം സംസ്കരിക്കാനാവും എന്നതാണ് മൊബൈൽ പ്ലാന്റുകളുടെ പ്രധാന സവിശേഷത. ഒരു തവണ ഓരോ എംടിയുവിനും ആറായിരം ലിറ്റർ ശുചിമുറി മാലിന്യം സംസ്കരിക്കാനാവും. ജനത്തിരക്കുള്ള പ്രദേശങ്ങളിലും പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലും ഈ സൌകര്യം വളരെ പ്രയോജനപ്രദമാണ്. ശബരിമല പോലെ ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന പ്രദേശങ്ങളിൽ മാലിന്യസംസ്കരണം ശാസ്ത്രീയവും വിപുലവുമാക്കാനാണുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് എം ടി യുകൾ ഉപയോഗിക്കുന്നത്.
എംടിയുകളുടെ പ്രവർത്തനം വിലയിരുത്തി കൂടുതൽ കേന്ദ്രങ്ങളിൽ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നത് പരിഗണിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിന്റെ സാഹചര്യത്തിൽ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾക്കും, അണ്ടർഗ്രൌണ്ട് ട്രീറ്റ്മെന്റ് പ്ലാന്റുകൾക്കും വലിയ സാധ്യതയുണ്ട്. മാലിന്യമുക്തമായ കേരളമൊരുക്കാൻ എസ് ടി പി കളും എഫ് എസ് ടി പികളും അനിവാര്യമാണ്. ശബരിമലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ എല്ലാ പ്രധാന ഉത്സവാഘോഷങ്ങൾക്കും ദിശാബോധം നൽകുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി, ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ സജീവ് കുമാർ, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി ഷിബിൽ എ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ജോയിന്റ് ഡയറക്ടർ ഹുവൈസ് തുടങ്ങിയവർ സംസാരിച്ചു.