കൊച്ചി: ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിൻ്റെ (കെ.എഫ്.എം – 2) രണ്ടാം പതിപ്പ് എത്തുന്നു. ബി2ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകൾ നയിക്കുന്ന ശിൽപ്പശാലകളും മാസ്റ്റർക്ലാസുകളുമാണ് ഇത്തവണ കെ.എഫ്.എമ്മിൻ്റെ പ്രധാന ആകർഷണം. 2024 ഡിസംബർ 11, 12, 13 തിയതികളിലായി തിരുവനന്തപുരത്ത് വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സിനിമയിലെ വിവധ മേഖലകളെ സംബന്ധിച്ച നൂതന അറിവുകൾ, വാണിജ്യസാധ്യതകൾ എന്നിവ ചലച്ചിത്രപ്രവർത്തകരിലേക്ക് എത്തിക്കുക എന്നതാണ് മാർക്കറ്റിൻ്റെ ലക്ഷ്യം. കെഎഫ്എമ്മിൻ്റെ ആദ്യ പതിപ്പിൻ്റെ വിജയത്തെ തുടർന്ന് കൂടുതൽ വിപുലമായാണ് രണ്ടാം പതിപ്പ് ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം തൈക്കാട് ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലുമായാണ് കെഎഫ്എം നടക്കുക.
കെഎഫ്എം രണ്ടാം പതിപ്പിൽ ബി2ബി മീറ്റിങ്ങ്, ശിൽപ്പശാല, മാസ്റ്റർ ക്ലാസ് തുടങ്ങി മൂന്ന് ഘടകങ്ങളാണ് പ്രധാനമായുളളത്. പാരീസ് ആസ്ഥാനമായ പ്രശസ്ത ഫിലിം സെയിൽസ് കമ്പനിയുടെ സ്ഥാപക കേയ്കോ ഫുനാറ്റോ, പ്രഗൽഭ ചലച്ചിത്ര നിർമാതാവ് ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ എന്നിവരുമായി ബി2ബി മീറ്റിങ്ങിനായുള്ള അവസരം നിർമാതാക്കൾക്ക് കെഎഫ്എമ്മിൽ ലഭിക്കും.
വിശ്വപ്രശസ്ത ഛായാഗ്രാഹക ആഗ്നസ് ഗൊഥാർദിൻ്റെ സിനിമാറ്റോഗ്രാഫി മാസ്റ്റർക്ലാസ്, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെയുടെ പശ്ചാത്തലസംഗീത മാസ്റ്റർക്ലാസ്, പ്രശസ്ത നിർമാതാവ് ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ നയിക്കുന്ന കോ-പ്രൊഡക്ഷനും ധനസമാഹരണവും സംബന്ധിച്ച വിഷയത്തിലെ മാസ്റ്റർ ക്ലാസ്, തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസ്, കെ സെറാ സെറാ വിർച്വൽ പ്രൊഡക്ഷൻസിൻ്റെ സിഇഒ യൂനുസ് ബുഖാരി എന്നിവരുടെ മാസ്റ്റർ ക്ലാസ്, പ്രശസ്ത ചലച്ചിത്ര സംയോജകൻ ശ്രീകർ പ്രസാദിൻ്റെ എഡിറ്റിംഗ് മാസ്റ്റർ ക്ലാസ്, അജിത് പത്മനാഭന്റെ ഇമേഴ്സീവ് ടെക്നോളജി ഫോർ ഹെറിറ്റേജ് എന്ന വിഷയത്തിലെ മാസ്റ്റർ ക്ലാസ്, എക്സ്റ്റെൻ്റഡ് റിയാലിറ്റി കൺസൽറ്റൻ്റ് ലോയിക് ടാൻഗയുടെ ഒരു ആശയത്തിൻ്റെ പ്രിൻ്റ് മുതൽ എക്സ്റ്റെൻ്റഡ് റിയാലിറ്റി വരെയുള്ള ആഖ്യാനത്തെ കുറിച്ചുള്ള മാസ്റ്റർ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. എ വി ജി സി വിദഗ്ധൻ ആശിഷ് കുൽക്കർണിയുടെ മാസ്റ്റർക്ലാസ്, ഷാജി എൻ. കരുൺ, ഗോൾഡ സെലം, ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ, രവി കൊട്ടാരക്കര എന്നിവർ പങ്കെടുക്കുന്ന പാനൽ ഡിസ്കഷൻ എന്നിവയുമുണ്ടാകും.
കെഎഫ്എം നടക്കുന്ന മൂന്ന് ദിവസങ്ങളിലും വിജയിച്ച മലയാളം സിനിമകളുടെ നിർമാതാക്കളുമായുള്ള ഇന്ററാക്റ്റീവ് സെഷൻ നടക്കും.
ആഗ്നസ് ഗൊഥാർദ് നേതൃത്വം നൽകുന്ന സിനിമാറ്റോഗ്രഫി ത്രിദിന ശിൽപ്പശാല, ബിയാട്രിസ് തിരെ നേതൃത്വം നൽകുന്ന പശ്ചാത്തല സംഗീത ത്രിദിന ശിൽപ്പശാല എന്നിവ കെഎഫ്എമ്മിൻ്റെ ഭാഗമാകും.
സിനിമപ്രവർത്തകരുടെയും ചലച്ചിത്ര – മാധ്യമ വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്ന കേരള ഫിലിം മാർക്കറ്റ് വരും പതിപ്പുകളിൽ ഗോവ ഫിലിം ഫെസ്റ്റിവലിലെ ഫിലിം ബസാറിന് തുല്യമായ വലിയൊരു സംവിധാനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.