ശിവപഞ്ചാക്ഷര മന്ത്രജപ ധ്വനിയാൽ മുഖരിതമായ തിരുവൈക്കം ഇന്ന് അഷ്ടമി ദർശന നിർവൃതിയിൽ. പാലാഴിമദനത്തിൽ ഉയർന്നു വന്ന കാളകൂട വിഷം പാനം ചെയ്ത് ഈരേഴു ലോകങ്ങളേയും സർവ്വ ചരാചരങ്ങളേയും കാത്തുരക്ഷിച്ച ഭഗവാൻ ശ്രീപരമേശ്വരൻ അഷ്ടമി നാളിൽ വ്യാഘ്രപാദ മഹർഷിക്ക് ദർശനം നൽകി ഭക്തർക്ക് സർവ്വ ഐശ്വര്യങ്ങളും നൽകി വൈക്കത്തപ്പനായി വാണരുളുന്നു.ദക്ഷിണ കാശിയായി അറിയപ്പെടുന്ന തിരുവൈക്കത്തപ്പൻ്റെ തിരുസന്നിധിയിൽ അഷ്ടമി നാളിൽ എത്തിച്ചേരുന്നതുതന്നെ പുണ്യദായകമാണ്. ഭക്തൻ്റെ മനസറിഞ്ഞ് സങ്കടങ്ങൾ തീർക്കുന്ന വൈക്കത്തപ്പൻ്റെ പുണ്യദർശനം കിട്ടി ആത്മ സായൂജ്യമണയാൻ ആയിരങ്ങളാണ് വൈക്കപ്പൻ്റെ മണ്ണിലേക്ക് ഒഴുകിയെത്തുന്നത്. അന്നദാന പ്രഭുവായ വൈക്കത്തപ്പൻ്റെ ചരിത്ര പ്രാധാന്യമുള്ള പ്രാതൽ സദ്യ കഴിക്കുവാനും അഷ്മി ദിവസം പാർവ്വതീ സമേതനായി വിളങ്ങുന്ന ഭഗവാനെ ഒരു നോക്ക് കണ്ടു തൊഴുവാനും പുലർച്ചെ നാലരമണി മുതൽ ഭക്തർ എത്തിതുടങ്ങും.വൈക്കത്ത് എത്തുന്ന ഭക്തർ ഒരിക്കലും വിശന്ന് പോവാറില്ല.
അത്താഴ സദ്യക്ക് ശേഷം കിഴക്കേ നടയിലെത്തി ക്ഷേത്ര ജീവനക്കാരൻ “അത്താഴ പട്ടിണിക്കാരുണ്ടോ” എന്ന് മൂന്ന് പ്രവശ്യം വിളിച്ചു ചൊല്ലുന്ന ആചാരവും ഇന്നും നിലനിൽക്കുന്നു.വൈക്കത്ത് എത്തുന്ന ആരും പട്ടിണിക്ക് പോകാറില്ലെന്നത് പഴമൊഴിയായി ഇന്നും എല്ലാവരും പറഞ്ഞു പോരുന്നുണ്ടെങ്കിലും അതിൻ്റെ യാഥാർത്യം നേരിൽ കണ്ടറിയുവാനുള്ള ഒരു അവസരം ഭഗവാൻ എനിക്ക് കാട്ടിതന്നിട്ടുണ്ട്. കഴിഞ്ഞ വർഷം അഷ്ടമി ദിവസം വൈകിട്ട് 8 മണിയോടെ വൈക്കത്തേക്ക് വരുവാനായി കടുത്തുരുത്തിയിൽ നിന്നും തലയോലപ്പറമ്പ് ബസിൽ കയറി സ്റ്റാൻഡിൽ ഇറങ്ങി. അവിടെ നിന്നും കിട്ടിയ കെ എസ് ആർ ടി സി യിൽ കയറി.ബസിൽ നല്ല തിരക്കുണ്ടായിരുന്നു. കണ്ടക്ടർ ടിക്കറ്റ് തരുവാനായി വന്നപ്പോഴാണ് പിന്നിൽ നിന്ന 65 വയസ് തോന്നിക്കുന്ന വൃദ്ധൻ്റെ പേഴ്സ് നഷ്ടപ്പെട്ടതായി അറിയുന്നത്. പേഴ്സിലുണ്ടായിരുന്ന രൂപയും ഡ്രൈവിംഗ് ലൈസൻസും മറ്റ് രേഖകളുമെല്ലാം നഷ്ടടപ്പെട്ടു.അദ്ദേഹം വിരമിച്ച കെ എസ് ആർ ടി സി ഡ്രൈവർ ആയിരുന്നു. അദ്ദേഹത്തിൻ്റെ പാസ് പോക്കറ്റിൽ ഉണ്ടായിരുന്നതിനാൽ ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. ഞാനും കൂടി ചേർന്ന് പേഴ്സ് വണ്ടിയിൽ തിരഞ്ഞെങ്കിലും കണ്ടില്ല.ബസ് വൈക്കത്ത് എത്തിയപ്പോൾ അദ്ദേഹവും ഞാനും കൂടി കെ എസ് ആർ ടി സി ഓഫീൽ വിവരം ധരിപ്പിപ്പിച്ചു.തുടർന്ന് ഞങ്ങൾ വൈക്കം പോലീസ് സ്റ്റേറ്റേഷനിൽ എത്തി പരാതി എഴുതി കൊടുത്തു. അദേഹം ചങ്ങനാശേരി വാകത്താനം സ്വദേശിയായിരുന്നു.വിജയകുമാർ എന്നായിരുന്നു പേര്.പോലീസ് സ്റ്റേഷനിൽ നിന്നും ഞങ്ങൾ ക്ഷേത്രത്തിൽ എത്തി. അപ്പോൾ രാത്രി 11 മണിയോളം ആയിരുന്നു. അദ്ദേഹത്തെയും കൂട്ടി ഞാൻ ദേവസ്വം ഓഫീസിൽ എത്തി ഭക്ഷണം ഉണ്ടോ എന്ന് തിരക്കി. അപ്പോൾ അത്താഴ സദ്യ കഴിഞ്ഞു എന്ന് പറഞ്ഞു. ഞാൻ അദേഹത്തിന് ക്ഷേത്രത്തിൽ കാണിക്കയിടാൻ ചില്ലറ പൈസാ കൊടുത്തു.തൊഴുത് കാണിക്കയും ഇട്ട് ഞങ്ങൾ വെളിയിൽ ഇറങ്ങി അദേഹത്തിന് തെക്കേ നടയിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു.തുടർന്ന് ഞങ്ങൾ രണ്ടു പേരും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കയറി സംസാരിച്ചിരുന്നു. കൂടിപൂജ ചടങ്ങുകൾക്ക് ശേഷം പുലർച്ചെയോടെ അദ്ദേഹത്തിന് വഴി ചിലവിനായുള്ള പണവും കൊടുത്ത് ഞങ്ങൾ പിരിഞ്ഞു.പിറ്റേ ദിവസം വീട്ടിലെത്തിയ അദ്ദേഹം എന്നെ വിളിച്ചു. അദേഹത്തിൻ്റെ വീട്ടുകാരും എന്നോട് സംസാരിച്ചു.ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള സഹായങ്ങൾ അരും ചെയ്യില്ലാ എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ അവരോട് പറഞ്ഞു.വൈക്കത്തപ്പൻ അന്നദാന പ്രഭുവാണ് ഇവിടെ എത്തുന്നവർ വയറു നിറഞ്ഞ് സന്തോഷത്തോടെ യേ പോകാറുള്ളു. ഞാൻ ഒരു നിയോഗം മാത്രമാണ്. എന്നിലൂടെ അദ്ദേഹത്തെ സഹായിച്ചത് ഭഗവാൻ തന്നെയാണ് എന്ന് പറഞ്ഞു. അദേഹം ഇപ്പോഴും മിക്ക ദിവസങ്ങളിലും എന്നെ വിളിക്കും.ഈ അഷ്ടമിക്കും എത്തും എന്ന് പറഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് വൈക്കത്തപ്പൻ. പ്രതിസന്ധി ഘട്ടങ്ങളിൽ ഓരോ ഭക്തനേയും ഓരോ മനുഷ്യരിലൂടെയും ഭഗവാൻ രക്ഷിക്കും.രാജകീയ പ്രൗഡിയോടെ ഇന്നും നിലനിൽക്കുന്ന ക്ഷേത്ര ചടങ്ങുകൾ വൈക്കത്തിൻ്റെ പൗരാണിക പാരമ്പര്യവും തനിമയും വിളച്ചോതുന്നതാണ്.താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീ ലാളിതനായി എത്തുന്ന ഉദയനാപുരത്തപ്പനെ വടക്കേ ഗോപുര വാതിൽ കടന്ന് ചെന്ന് സ്വീകരിച്ചാനയിച്ച് ക്ഷേത്രത്തിലെത്തുമ്പോൾ മുപ്പത്തി മുക്കോടി ദേവകളും പുഷ്പവൃഷ്ടി നടത്തുന്നു.ഈ ദേവസംഗമത്തിന് ശേഷം പുലർച്ചയോടെ ശോകമൂകമായ അന്തരീക്ഷത്തിൽ മകൻ അച്ഛനെ പിരിഞ്ഞു പോകുന്ന നിമിഷം. അരയാലിലകൾ പോലും നിശ്ചലമായിരിക്കുന്ന ആ സമയം ശോക രാഗത്തിലുള്ള വാദ്യമേള വായനയും കൂടി കേൾക്കുന്ന ഓരോ ഹൃദയങ്ങളിലും വിരഹ ദുഖത്തിൻ്റെ ഒരു നൊമ്പരം ഉണ്ടാകാതിരിക്കില്ല. ശേഷം അടുത്ത അഷ്ടമി വരേയുള്ള കാത്തിരിപ്പ് ഒരോ വൈക്കത്തു കാരനും ഓരോ ഭക്തനും ആരംഭിക്കുകയായി…
“ഓം: നമശിവായ ”
പി.സി രാജേഷ്
കടുത്തുരുത്തി