കാത്തിരിപ്പിന് വിരാമം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം 

Breaking Kerala Local News

വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും. ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പാലക്കാട് സി.കൃഷ്ണകുമാറിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പോളിങ് കുറഞ്ഞ വയനാട്ടിൽ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്ര എന്നതിൽ മാത്രമാണ് ആകാംക്ഷ. മൂന്ന് ഇടങ്ങളിലും അണികളുടെ ആവേശത്തിന് അനുസരിച്ച് പോളിങ് ശതമാനം ഉയരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നുണ്ട്. രണ്ടിടങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്തിയതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് സാഹചര്യം ഒരുങ്ങിയത്. ചേലക്കരയിൽ മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരിൽ എംപിയായി വിജയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻ എംഎൽഎ ഷാഫി പറമ്പിൽ വടകരയിൽ എംപിയായി വിജയിച്ചതിനെ തുടർന്ന് ഒഴിവ് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം കഴിഞ്ഞ 13ന് പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് കൽപ്പാത്തി തേരുമായി ബന്ധപ്പെട്ട് 20ലേക്ക് മാറ്റുകയായിരുന്നു. മാറിമാറി ഒട്ടേറെ രാഷ്ട്രീയവിവാദങ്ങളും വിഷയങ്ങളും ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു പാലക്കാട്ടെത്. ഡോ.പി.സരിൻ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്നു സ്ഥാനാർത്ഥിയായതോടെയാണ് പോര് മുറുകിയത്. മണ്ഡലം നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും എൻഡിഎയും പരമാവധി ശ്രമങ്ങളാണു നടത്തിയത്. ഇതിനിടെ കള്ളപ്പണ ആരോപണങ്ങളും വിവാദമായി.

സംസ്ഥാന, കേന്ദ്രസർക്കാരുകൾക്കെതിരായ ജനവികാരം രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വോട്ടായി മാറുമെന്നാണ്‌ യുഡിഎഫ്‌ കണക്കുകൂട്ടുന്നത്. മികച്ച യുവസ്ഥാനാർഥിയെന്നതായിരുന്നു പ്രചാരണത്തിലെ ഹൈലൈറ്റ്‌. പത്തുവർഷം എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ്‌ യുഡിഎഫ്‌ മുന്നോട്ടുവെയ്ക്കുന്നത്‌. ഷാഫിയുടെയും വി.കെ ശ്രീകണ്ഠൻ എംപിയുടെയും മണ്ഡലത്തിലെ ജനപ്രീതിയും സ്വാധീനവും വോട്ടാകുമെന്ന്‌ യുഡിഎഫ് ‌കണക്കുകൂട്ടുന്നു. മണ്ഡലപുനർനിർണയത്തിനുശേഷം പാലക്കാട്‌ യുഡിഎഫിന്റെ ജയത്തുടർച്ചയും പ്രതീക്ഷ നൽകുന്നു. എൽഡിഎഫ്‌ ഉയർത്തിക്കൊണ്ടുവന്ന പല വിവാദങ്ങളും ഒടുവിൽ തങ്ങൾക്ക്‌ അനുകൂലമായെന്നും പ്രതീക്ഷയുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവെച്ചത്. പൂർത്തിയാകാത്ത പദ്ധതികളുൾപ്പെടെ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ വികസനമുരടിപ്പും ചർച്ചയായി. സ്ഥാനാർഥി പി. സരിന്റെ അക്കാദമിക്‌ മികവും സിവിൽ സർവീസ്‌ നേട്ടവും മുന്നണിവ്യത്യാസമില്ലാതെ ഒരുവിഭാഗം വോട്ടർമാരിൽ സ്വാധീനം ചെലുത്തുമെന്നാണ് കണക്കുകൂട്ടൽ. അതോടൊപ്പം തന്നെ കോൺഗ്രസിൽ സജീവമായിരുന്ന സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി വന്നതോടെ കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയവരിൽ പലരുടെയും വോട്ടുകളും പിന്തുണയും ഇടതുമുന്നണിക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലും അവർക്കുണ്ട്. മുൻ യൂത്ത്കോൺഗ്രസ് നേതാവ് എ കെ ഷാനിബ് സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. രാഹുലിനോടും ഷാഫിയോടും എതിർപ്പുള്ളവർ കൃത്യമായി കോൺഗ്രസ് വോട്ടുകളെ ഇടതുപാളയത്തിലേക്ക് എത്തിക്കാണുമെന്ന് എൽഡിഎഫ് ക്യാമ്പ് കരുതുന്നു. നാട്ടുകാരൻ എന്ന ഇമേജിലാണ്‌ എൻഡിഎ പ്രതീക്ഷ വെയ്ക്കുന്നത്‌. പരിചിതനായ സ്ഥാനാർഥിയെന്നതും മുനിസിപ്പൽ വൈസ്‌ ചെയർമാൻ എന്നനിലയിലെ സി. കൃഷ്ണകുമാറിന്റെ പ്രവർത്തനവും നേട്ടമാകുമെന്ന്‌ കരുതുന്നു. നഗരസഭയിൽ അമൃത്‌ പദ്ധതിയുൾപ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കിയതും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്‌ എൻഡിഎ ബിജെപിക്ക്‌ ശക്തമായ സംഘടനാ സംവിധാനമുള്ളയിടമാണ്‌ പാലക്കാട്‌. ചേലക്കരയിൽ നാല് തവണ തുടർച്ചയായി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന്റെ പിൻഗാമിയായി 2016 ലാണ് പ്രദീപെത്തുന്നത്. രണ്ടാമൂഴത്തിലും പ്രദീപിന് വിജയിച്ചുകയറാമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. നിയമസഭാ സാമാജികനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് യു.ആർ പ്രദീപ്. അതേസമയം, ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു യുഡിഎഫ്. 1996മുതൽ നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം മണ്ഡലം ചുവന്നെങ്കിലും ലോക്‌സഭാ തിരഞ്ഞടുപ്പിൽ ഈ കോട്ട വിറപ്പിച്ച ചരിത്രമുണ്ട് യുഡിഎഫിന്. ചേലക്കരയിലെ കുതിപ്പ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു. 23,695 വോട്ടുകളുടെ ലീഡാണ് ചേലക്കരയിൽ നിന്ന് രമ്യ ഹരിദാസ് സ്വന്തമാക്കിയത്. പാർട്ടി കോട്ടകളെല്ലാം ആ കുതിപ്പിൽ ആടിയുലഞ്ഞു. യു.ആർ പ്രദീപ് 2016നിയമസഭാ തിരഞ്ഞെടുപ്പിൽ 10,200 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് രമ്യ ഇരുപത്തിമൂന്നായിരത്തിൽപ്പരം ലീഡെടുക്കുന്നത്. 2021നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ തിരിച്ചുവന്നിട്ടുണ്ട് എൽഡിഎഫ്. എന്നാൽ 2021ൽ രാധാകൃഷ്ണന്‌ 39,000ലധികം ഭൂരിപക്ഷമുണ്ടായിരുന്നത് ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ രാധാകൃഷ്ണൻ തന്നെ മത്സരിച്ചിട്ടും 5000 ആയി ചുരുങ്ങി. കൃത്യമായി പറഞ്ഞാൽ രാധാകൃഷ്ണന്റെ ലീഡ് 5,173 വോട്ടുകൾ മാത്രം. അതിനാൽ ചേലക്കരയിൽ വിജയക്കൊടി നാട്ടുകയെന്നത് ബാലികേറാമലയല്ലെന്ന കണക്കൂകൂട്ടലാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. അതേസമയം, വോട്ട് നില മെച്ചപ്പെടുത്തുവാൻ കഴിയുമെന്ന് ബിജെപി കരുതുന്നു. മുൻ കെപിസിസി ജനറൽ സെക്രട്ടറി സുനീറിന്റെ ഡിഎംകെ സ്ഥാനാർത്ഥിത്വവും ചേലക്കരയിൽ ചർച്ചയാണ്. എന്നാൽ, ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും നാളെത്തന്നെ അറിയാം. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയും ബിജെപിയും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് രണ്ടിടങ്ങളിലും നടന്നത്. എക്സിറ്റ് പോളുകൾ ആകട്ടെ ബിജെപിക്ക് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *