രത്തൻ ടാറ്റയുടെ ഓർമകളുമായി ‘കൊച്ചിയിലെ ടാറ്റ പുരം’
കൊച്ചി: അന്തരിച്ച രത്തൻ ടാറ്റയുടെ ഓർമകൾ നിറഞ്ഞൊരു സ്ഥലമുണ്ട് എറണാകുളത്ത്. കൊച്ചിയിലെ പച്ചാളത്തെ ‘ടാറ്റ പുരത്തിന്’ രത്തൻ ടാറ്റയും അദ്ദേഹത്തിന്റെ സഹോദരനും പിതാവുമെല്ലാം സുപരിചിതരാണ്. പ്രദേശത്തെ ടാറ്റ കമ്പിനി നിലവിൽ പ്രവർത്തിക്കുന്നില്ലെങ്കിലും കമ്പിനിയിൽ ജോലിയെടുത്തവർ ചിലർ ഇപ്പോഴും അവിടെയുണ്ട്. അവരെല്ലാം കമ്പനിയെക്കുറിച്ചും ടാറ്റ കുടുംബത്തെക്കുറിച്ചും ഓർത്തെടുക്കുന്നുണ്ട്. 1917ലാണ് ഇവിടെ ടാറ്റ സോപ്പ് കമ്പിനി എത്തുന്നത്. ടാറ്റ ഓയിൽസും പിന്നീട് അവിടെ പ്രവർത്തനം ആരംഭിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ അവിടെ ജോലിയെടുക്കുവാൻ ആളുകളുടെ തിരക്കായിരുന്നു. അത്രമേൽ തൊഴിലാളി സ്നേഹമായിരുന്നു കമ്പിനി എല്ലാവരോടും വെച്ചുപുലർത്തിയത്.
നന്നേ ചെറുപ്പത്തിൽ പലയാവർത്തി പിതാവിന് ഒപ്പം രത്തൻ ടാറ്റയും ടാറ്റ പുരത്ത് എത്തിയിട്ടുണ്ട്. അച്ഛൻ നവൽ ടാറ്റ ചെയർമാൻ ആയിരുന്ന ഓയിൽ കമ്പിനിയിൽ അവധിക്കാലങ്ങളിൽ എത്തുമ്പോൾ തൊഴിലാളികളുമായി രത്തൻ സൗഹൃദ സംഭാഷണങ്ങൾ നടത്തുമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച മനുഷ്യസ്നേഹിയായ വ്യവസായി വിട പറയുമ്പോൾ അദ്ദേഹത്തിന്റെ ഓർമകളെ സ്മരിക്കുകയാണ് കൊച്ചിയിലെ ടാറ്റ പുരവും.