അമിത ‘ലഹരി’യില്‍ വീട്ടില്‍ അതിക്രമിച്ചു കയറി; വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം

Breaking Kerala

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ചു കയറി വനിതാ ഡോക്ടറെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ആപ്പൂര്‍ സ്വദേശിയായ സുനിലാണ് അറസ്റ്റിലായത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയാണ് ഇയാള്‍ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചത്. വീട്ടില്‍ പാചകം ചെയ്യുന്നതിനിടെ പിന്നിലൂടെ എത്തിയ ഇയാള്‍ വനിതാ ഡോക്ടറുടെ കഴുത്തു ഞെരിക്കുകയായിരുന്നു.

ദേശീയപാതയോരത്ത് കലവൂരിലാണ് വനിതാ ഡോക്ടറും ഡോക്ടര്‍ കൂടിയായ ഭര്‍ത്താവും താമസിക്കുന്നത്. ഇന്നലെ രാവിലെ വീടിന്റെ മതില്‍ ചാടി ഇയാള്‍ അകത്തു കയറുകയായിരുന്നു. അടച്ചിട്ടിരുന്ന വീടിന്റെ പ്രധാന വാതില്‍ തുറന്ന് അകത്തു കയറിയ ഇയാള്‍ അടുക്കളയില്‍ എത്തി പിന്നിലൂടെ ഡോക്ടറുടെ കഴുത്തു ഞെരിച്ചു. ശ്വാസം നിലച്ച അവസ്ഥയിലായ ഡോക്ടര്‍ കയ്യില്‍ കിട്ടിയ സ്പൂണ്‍ ഉപയോഗിച്ച് ഇയാളെ കുത്തി. പിടിത്തം അയഞ്ഞതോടെ ഡോക്ടര്‍ ശബ്ദമുണ്ടാക്കുകയും ഭര്‍ത്താവ് ഓടിയെത്തുകയും ചെയ്തു.

യുവാവിനെ കീഴ്‌പ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന ആയുധങ്ങളെടുത്ത് ഇയാള്‍ ആക്രമിക്കാന്‍ തുനിഞ്ഞു. ഇതിനിടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും പ്രതിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. മണ്ണഞ്ചേരി പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ലഹരിക്കടിമയാണെന്നും സംഭവ സമയം ഇയാള്‍ അമിത അളവില്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *